കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യൻ ശാസ്ത്രജ്ഞര്‍; ചിത്രങ്ങൾ പുറത്ത്

മോസ്കോ: കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗിയിൽനിന്നു ശേഖരിച്ച സാംപിളുകളിൽ നിന്നായിരുന്നു ജനിതക ഘടന ഡികോ‍ഡ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിട്ടു. ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും ഇതു കൈമാറിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ ജനിതക പഠനം ഇതിന്റെ പരിണാമം, സ്വഭാവം എന്നിവ മനസ്സിലാക്കുന്നതിനു സഹായിക്കുമെന്നു ഗവേഷകർ വ്യക്തമാക്കി. ‘ഞങ്ങൾക്കിത് പുതിയ കൊറോണ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണ്. പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാൻ ഇതു സഹായിക്കും.’ – റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നോവ് പ്രതികരിച്ചു. വൈറസ് എങ്ങനെയാണു റഷ്യയുടെ അതിർത്തി കടന്നതെന്നു കണ്ടുപിടിക്കേണ്ടതു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

നോവൽ കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഗവേഷകർക്കും റഷ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 2019 ഡിസംബർ അവസാനമാണ് മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ന്യൂമോണിയ പടർന്നു പിടിക്കുന്നതായി ചൈന അറിയിച്ചത്. ഈ വർ‌ഷം മാർച്ച് 11ന് കോവിഡിനെ പകർച്ച വ്യാധിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചു.

Leave A Reply