ശൈത്യകാല അവധിയ്ക്ക് ശേഷം മുഴുവന്‍ സ്‌കൂളുകളും തുറന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ തുറന്നു. എല്‍പിയും യുപിയും ഉള്‍പ്പെടെയുള്ള ജമ്മു കശ്മീരിലെ മുഴുവന്‍ സ്‌കൂളുകളുമാണ് ഇന്ന് തുറന്നത്. ശൈത്യകാല അവധിക്ക് ശേഷം തുറന്ന പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കളും എത്തിയിരുന്നു.

‘ശ്രീനഗറിലെ എല്ലാ സ്‌കൂളുകളും കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2020 വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വര്‍ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനപരമായും ഒട്ടും ബുദ്ധിമുട്ടില്ലാതെയും ഇനി തങ്ങള്‍ക്ക് പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെന്ന്’ കൊതി ബാഗ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പറഞ്ഞു.

‘വീണ്ടും സ്‌കൂളില്‍ വരാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ദീര്‍ഘകാലത്തിന് ശേഷമാണ് അദ്ധ്യാപകരെയും കൂട്ടുകാരെയും കാണുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന്’ ശ്രീനഗറിലെ മല്ലിന്‍സണ്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അസ്മത്തും കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയപ്പോള്‍ സുരക്ഷാ മുന്‍ കരുതലെന്ന നിലയിലാണ് ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പിന്നീട് ബോര്‍ഡ് പരീക്ഷയുടെ ഭാഗമായി ജമ്മു കശ്മീരിലെ ഹൈസ്‌കൂളുകളും ഹയര്‍സെക്കന്ററി സ്‌കൂളുകളും തുറന്നിരുന്നു. എന്നാല്‍ എല്‍പി യുപി സ്‌കൂളുകള്‍ എന്ന് തുറന്നിരുന്നില്ല. ശൈത്യകാല അവധി കൂടി കഴിഞ്ഞതിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Leave A Reply