ഭർത്താവിനെയും മക്കളെയും ഉപേഷിച്ച് ഒളിച്ചോടിയ യുവതി കാമുകനൊപ്പം അറസ്റ്റിൽ

തിരുവല്ല:  ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിക്കൽ വീട്ടിൽ നിധീഷ്‌മോൻ (27)എന്നിവരാണ് പിടിയിലായത് .

അമ്പിളിക്ക് പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു . നിധീഷ് മോൻ ഇവരുടെ ബന്ധുവാണ്. ഫെബ്രുവരി ഒൻപതുമുതൽ അമ്പിളിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് സനൽ പോലീസിൽ പരാതി നൽകിയിരുന്നു . തുടർന്ന് പോലീസ് അമ്പിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്നു കണ്ടെത്തി .

ഇരുവരെയും ഫോണിലൂടെ ബന്ധപ്പെട്ട് ഉടൻ തിരുവല്ല സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ , പോലീസിന്റെ നിർദേശപ്രകാരം നാട്ടിലെത്തിയ ഇവർ സ്റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി. തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽനിന്ന് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേൽ ചുമത്തിയിട്ടുള്ളത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Leave A Reply