‘ഹലോ… പൊലീസ് സ്റ്റേഷനല്ലേ..? എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം; 10 വയസ്സുകാരന്റെ പരാതിയില്‍ വലഞ്ഞു പോലീസ്

പഴയന്നൂർ (തൃശൂർ):  ‘ഹലോ… പൊലീസ് സ്റ്റേഷനല്ലേ..?  എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം’. കോടത്തൂരിൽ നിന്ന് അതുലാണ് വിളിക്കുന്നത്. ഒരാഴ്ച മുൻപ് പഴയന്നൂർ സ്റ്റേഷനിലേക്കു വിളിച്ച 10 വയസ്സുകാരന്റെ പരാതി പൊലീസുകാരെ വിസ്മയിപ്പിക്കുകയും വലയ്ക്കുകയും ചെയ്തു. തിരുവില്വാമല പുനർജനി ഗാർഡൻസിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ 5–ാം ക്ലാസ് വിദ്യാർഥിയാണ് അതുൽ‍. വീട്ടുമുറ്റത്തു നിന്ന് ആരോ മോഷ്ടിച്ച ഫുട്ബോൾ കണ്ടെത്തി തരണമെന്നായിരുന്നു അതുലിന്റെ ആവശ്യം.

പരാതി വെറും ‘പിള്ളേരുകളി’യാണെന്നാണ് പൊലീസ് ആദ്യം കരുതിയത്.  പിന്നീട്  പൊലീസുകാർ കുട്ടിയുടെ അമ്മ പ്രിയയുമായി സംസാരിച്ചു. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതായി. വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരിൽ ചിലരാണതു കൈക്കലാക്കിയതെന്ന് അതുലിന് സംശയം. തൃശൂരിലെ ഹോട്ടലിൽ ജീവനക്കാരനായ അച്ഛൻ കൊന്നംപ്ലാക്കൽ സുധീഷിനോടും അമ്മയോടും പന്ത് കണ്ടെത്തി തരണമെന്ന് അതുൽ പറഞ്ഞു. വേറെ പന്തു വാങ്ങിത്തരാമെന്ന മാതാപിതാക്കളുടെ  മറുപടിയിൽ അതുൽ തൃപ്തനായില്ല. ഗൂഗിളിൽ പരതി പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു വിളിക്കുകയായിരുന്നു.

പരാതി കേട്ട പൊലീസും പകരം പന്തു വാങ്ങിത്തരാമെന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും  അതുൽ സമ്മതിച്ചില്ല. അവനു പഴയ പന്തു മതി. പന്തു പോയതുമായി ബന്ധപ്പെട്ട ചില സൂചനകളും നൽകി. അവന്റെ നിഷ്കളങ്കതയ്ക്കു മുന്നിൽ തോറ്റ് പൊലീസ് പന്തിനായി അന്വേഷണം തുടങ്ങി.  അയൽപക്കത്തെ വീടുകളിൽ അന്വേഷിച്ചപ്പോൾ പന്തുമായി പോയ സംഘം ഒരു വീട്ടിൽ വെള്ളം കുടിക്കാൻ കയറിയതായി വിവരം ലഭിച്ചു.  കോടത്തൂരിൽ ഫുട്ബോൾ മത്സരത്തിനെത്തിയ കുട്ടികളാണ് അതെന്നു മനസ്സിലായി. നാട്ടുകാരിൽ നിന്നു ചില സൂചനകൾ കൂടി കിട്ടിയതോടെ പൊലീസ് പന്ത് കണ്ടെത്തി അതുലിനെ തിരിച്ചേൽപ്പിച്ചു.

Leave A Reply