ഇന്ത്യയിൽ പുള്ളി പുലികളുടെ എണ്ണം 75-90% വരെ കുറഞ്ഞതായി പഠനം

മാർജ്ജാര കുടുബത്തിലെ വലിയ പൂച്ചകളില്‍ ഏറ്റവും ചെറിയതാണ്‌ പുള്ളിപ്പുലി (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.

ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം എഇ യു സി എൻ പുള്ളിപ്പുലികളെ ‘വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്’ (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.

ജനിതക വ്യതിയാനമുള്ള നാല് വ്യത്യസ്തപുള്ളിപ്പുലികളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞു വരുന്നതായി പഠന റിപ്പോര്‍ട്ട്. ഡെക്കാന്‍ പീഠഭൂമി അര്‍ദ്ധ വരണ്ട പ്രദേശം, ശിവാലിക് പര്‍വതങ്ങള്‍, ഉത്തരേന്ത്യയിലെ ടെറായി മേഖല എന്നീ പ്രദേശങ്ങളിലാണ് പുള്ളിപ്പുലികളുടെ  എണ്ണത്തിലെ കുറവ് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഫെബ്രുവരി നാലിന് പിയര്‍ജെ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ), ബെംഗളൂരു ആസ്ഥാനമായുള്ള വൈൽഡ് ലൈഫ്  സ്റ്റഡീസ് (സിഡബ്ല്യുഎസ്) എന്നീ സ്ഥാപനങ്ങളാണ് പഠനം നടത്തിയത്.

പുള്ളിപ്പുലികള്‍ ആവാസ വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മാംസഭോജികളിലൊന്നാണ്, മാത്രമല്ല അവ മനുഷ്യവാസ കേന്ദ്രങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നു. ഇതുകൊണ്ട് തന്നെ പുതിയ പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായാണ് വിലയിരുത്തല്‍ .  ജനിതക വ്യതിയാനങ്ങളും പുള്ളിപ്പുലികളുടെ ജനസംഖ്യാപരമായ ചരിത്രവും വെളിപ്പെടുത്തുന്ന ജനിതക വ്യത്യാസം പഠിക്കുന്നതിനായി പുള്ളിപ്പുലികളുടെ മലം സാമ്പിളുകള്‍ ആണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നതായി അറിയപ്പെടുന്ന സ്ഥലങ്ങളില്‍ ചരിത്രരേഖയുടെ സഹായത്തോടെ പഠനം നടത്തി. തുടര്‍ന്ന് അതേ സ്ഥലങ്ങളിലെ നിലവിലെ സാന്നിധ്യം കണക്കാക്കാന്‍ ഒക്യുപന്‍സി എസ്റ്റിമേറ്റ് മോഡലുകളും ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു.

മനുഷ്യവാസ പ്രേരണയാല്‍ ഏകദേശം ഏകദേശം 120 മുതല്‍ 200 വര്‍ഷം വരെയുള്ള കാലയളവില്‍ 75% മുതല്‍ -90% വരെ പുള്ളിപ്പുലികളുടെ സംഖ്യ കുറയാന്‍ കാരണമായതായാണ് പഠന ഫലങ്ങള്‍ കാണിക്കുന്നത്. പഠനസമയത്ത് പുതിയതായി കണ്ടെത്തിയ ഈ നാല് ജനിതക ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ജൈവ ഭൂമിശാസ്ത്ര മേഖലകളുമായി യോജിക്കുന്നവയാണ്. പശ്ചിമഘട്ടവും ഡെക്കാന്‍ പീഠഭൂമിയുടെ അര്‍ദ്ധ വരണ്ട പ്രദേശത്തിന്റെ സംയോജനവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണ്. ഉത്തരേന്ത്യയിലെ ശിവാലിക്, ടെറായി എന്നിവ ഹിമാലയന്‍ പര്‍വത, ഗംഗാ സമതല മേഖലകളുടെ ഭാഗമാണ്.

ഈ ജൈവ ഭൂമിശാസ്ത്ര മേഖലകള്‍ തമ്മിലുള്ള ആവാസവ്യവസ്ഥയിലെ പ്രധാന വ്യത്യാസങ്ങളാണ് ഈ ജനിതക ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. വനമേഖലയായ പശ്ചിമഘട്ടത്തിലെ വാസസ്ഥലങ്ങളില്‍ വലിയ തോതില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതും ഇലപൊഴിയുന്ന ആവാസവ്യവസ്ഥയുള്ളതും ഇതിനു അനുയോജ്യമായി കണക്കാക്കുന്നു. ഡെക്കാന്‍ പീഠഭൂമിയിലെ വരണ്ട കാലാവസ്ഥയാണ് മറ്റൊരു അനുകൂലസാഹചര്യമായി വിലയിരുത്തപ്പെടുന്നത്. ഈ വ്യത്യാസങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ള പുള്ളിപ്പുലികള്‍ തമ്മിലുള്ള ജനിതക വ്യത്യാസത്തിലേക്ക് നയിച്ചെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ശിവാലിക് മലയോര പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ വലിയ മരങ്ങള്‍ കാണപ്പെടുന്നത് പുള്ളിപ്പുലികളുടെ വളര്‍ച്ചയ്ക്ക് പ്രതികൂല സാഹചര്യമായി വിലയിരുത്തപ്പെടുന്നു. ടെറായി മേഖല പരന്ന ഭൂപ്രദേശത്തോടുകൂടിയതും പുല്‍മേടുകള്‍ ഉള്ളതുമാണ്. ആവാസവ്യവസ്ഥയിലെ ഇത്തരം വ്യത്യാസം ഈ രണ്ട് പ്രദേശങ്ങള്‍ക്കിടയിലുള്ള ജീന്‍ പ്രവാഹം കുറയ്ക്കുന്നതിന് കാരണമായിരിക്കാം എന്നും പഠനം വ്യക്തമാക്കുന്നു. പുള്ളിപ്പുലികളുടെ എണ്ണത്തില്‍ ഇത്രയധികം ഇടിവുണ്ടാകാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ടെന്നാണ് പഠനം വിരല്‍ചൂണ്ടുന്നത്.

1850 മുതല്‍ 1950 വരെ കടുവകള്‍, പുള്ളിപ്പുലികള്‍, കാണ്ടാമൃഗങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വന്യജീവികളെയും വേട്ടയാടിയിരുന്നു. ഇക്കാരണം കൊണ്ടു തന്നെ 1900 കള്‍ക്കുശേഷം, വാസസ്ഥലങ്ങളില്‍, പ്രത്യേകിച്ച് പുല്‍മേടുകളിലും, മരുഭൂമിയിലും വലിയ തോതില്‍ ഇവയുടെ എണ്ണത്തില്‍ കുറവുണ്ടായി. വനങ്ങളുടെ ഗുണനിലവാരം കുറഞ്ഞത് ഇരകളുടെ നാശത്തിലേക്ക് നയിച്ചു. ഇക്കാരണങ്ങളെല്ലാം പുള്ളിപ്പുലികളുടെ നാശത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

പുള്ളിപ്പുലികളുടെ എണ്ണത്തിലുള്ള ഈ കുറവ് ആശങ്കാജനകമാണെന്ന് സിഡബ്ല്യുഎസിലെ മുഖ്യ സംരക്ഷണ ശാസ്ത്രജ്ഞന്‍ കൃതി കെ കരാന്ത് പറഞ്ഞു.1800-1900 കാലഘട്ടങ്ങളില്‍ മനുഷ്യരുടെ ജനസംഖ്യാ വര്‍ധനവോടെ ഇന്ത്യയിലെ ഭൂരിഭാഗം വന്യജീവി ജനസംഖ്യയും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആവാസവ്യവസ്ഥ വിഘടനത്തിനും വനഭൂമികള്‍ നഷ്ടപ്പെടുന്നതിലേക്കും നയിച്ചു. എന്നിരുന്നാലും ഈ ഇടിവിനെ കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്നും കൃതി കെ കരാന്ത് പറയുന്നു.

 

Leave A Reply