ഗുണ്ടുമല എസ്റ്റേറ്റിൽ ദുരൂഹ മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്

ഇടുക്കി: മൂന്നാറിലെ ​ഗുണ്ടുമല എസ്റ്റേറ്റിൽ ദുരൂഹ മരണങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. മൂന്നാറിൽ നിന്ന് 32 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശമാണ് ഗുണ്ടുമല . മേഖലയിലെ ദുരൂഹ മരണങ്ങളെ തുടർന്ന് ഇവിടത്തെ പ്രദേശവാസികൾ ആശങ്കയിലാണ്. മൂന്ന് വർഷത്തിനിടയിൽ നാല് ദുരൂഹ മരണങ്ങളാണ് ഇവിടെ സംഭവിച്ചത് .

കഴിഞ്ഞ സെപ്റ്റംബറില്‍ അന്‍പരസി എന്ന എട്ടുവയസ്സുകാരി മരിച്ചിരുന്നു . കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . ഈ മരണത്തിന്റെ ദുരുഹതകൾ നിലനിൽക്കേ, മുതിരപ്പുഴയാറില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

2017 ഫെബ്രുവരി 14 ന് ഗുണ്ടുമ ബെന്‍മോര്‍ ഡിവിഷനിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരുവിനെ പിഞ്ചുകുരുന്നുകളുടെ കണ്‍മുന്നില്‍ വെച്ച് അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയിരുന്നു . ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം സംഭവത്തിലെ പ്രതിയെ പോലീസ് കണ്ടുപിടിച്ചു. സ്വന്തം മാതാവിനെ കൊന്നതിന്റെ പേരിൽ 2018 മെയ് 2 ന് രാജഗുരുവിന്റെ മകന്‍ രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . രാജഗുരുവിന്റെ മരണത്തിനു പിന്നാലെ ഫെബ്രുവരി 2 ന് ഗുണ്ടുമലയിലെ കൊടും വനത്തിനുള്ളില്‍  ഇതര  സംസ്ഥാന തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

2019 സെപ്റ്റംബര്‍ 9 നാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്‍പരസി എന്ന പെൺകുട്ടിയെ എസ്റ്റേറ്റ് ലയത്തിലെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെത് സ്വഭാവിക മരണമല്ലെന്നും കുട്ടി മരിക്കുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടിരുന്നതായും പറയുന്നു . എന്നാൽ ഈ കൊലപാതകത്തിലെ ദുരൂഹതകള്‍ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം മുതിരപ്പുഴയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഗുണ്ടുമല നിവാസികൾ വീണ്ടും ആശങ്കയിലായിരിക്കുകയാണ് .

Leave A Reply