കുരങ്ങുപനി; വനമേഖലയിൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും അടിയന്തിരമായി നടപ്പിലാക്കണം

പുൽപള്ളി: വയനാട്ടിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ വനത്തിൽ പോകുന്നവരുടെയും വനമേഖലയിൽ താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് ആവശ്യം. വനമേഖലയിൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് ഇപ്പോഴാണ്. ഫയർലൈൻ നിർമാണമടക്കമുള്ള പ്രവൃത്തികൾ വനമേഖലയിൽ ആരംഭിച്ചു. വനത്തിലെ വാച്ചർമാർ, മറ്റ് ജീവനക്കാർ, വനത്തിൽ കാലികളെ മേയ്ക്കുന്നവർ, വിറകിനും മറ്റാവശ്യങ്ങൾക്കും എത്തുന്നവർ, വനത്തിലെ ക്യാംപുകളിൽ കഴിയുന്ന വാച്ചർമാർ എന്നിവരെല്ലാം കുരങ്ങുപനി ഭീഷണിയിലാണ്.

വയനാട്ടിൽ കുരങ്ങുപനി മൂലം മരണപ്പെട്ടവരിൽ 7 പേർ വന്യജീവി സങ്കേതത്തിന്റെ പരിസരങ്ങളിലും അതിർത്തി വനപ്രദേശത്തുമുള്ള ഗോത്രവിഭാഗക്കാരാണ്. 2014-15 വർഷങ്ങളിലായിരുന്നു മരണം. അതിനുശേഷം വനത്തിൽ പോകുന്നവർക്കും വനമേഖലയിൽ താമസിക്കുന്നവർക്കുമെല്ലാം പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. വനം, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഈ മേഖലയിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പ്രതിരോധ കുത്തിവയ്പോ ബോധവൽക്കരണമോ ഉണ്ടായിട്ടില്ല.

വനത്തിൽ മാനുകളും കുരങ്ങുകളും‍ പെരുകി നാട്ടിലിറങ്ങുന്നതിനാൽ രോഗഹേതുവായ ചെള്ളുകൾ അവയിലൂടെ നാട്ടിലെത്തുന്നുമുണ്ട്. കുരങ്ങുപനിക്കെതിരെ സ്വന്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരും നടത്താറില്ല. വനത്തിൽ പ്രവേശിക്കുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാറുമില്ല. വനത്തിൽ ഫയർലൈൻ നിർമിക്കുന്നവർ ശരീരം മഴുവൻ പൊതിയും വിധത്തിലുള്ള വസ്ത്രങ്ങളും ഷൂ, കയ്യുറ എന്നിവ ധരിക്കണം. എന്നാൽ ഇത്തരം സംവിധാനങ്ങൾ സ്ഥിരമായി വനത്തിൽ കഴിയുന്ന വാച്ചർമാർക്കുമില്ല.

വനമേഖലയിൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും അടിയന്തിരമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് വിവിധ ഗോത്രവിഭാഗങ്ങൾ ആവശ്യപ്പെട്ടു. വനത്തിലും വനാതിർത്തിയിലും മേയുന്ന കന്നുകാലികളുടെ പുറത്ത് ചെള്ളുകളെ തടയാനുള്ള ലേപനം പുരട്ടാനും സംവിധാനമുണ്ടാക്കണം. കർണാടക വനത്തിൽ ജീവനക്കാർക്ക് കുരങ്ങുപനിക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞു.

Leave A Reply