ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

കൊടുവള്ളി: വാവാട് ഭഗവതി ക്ഷേത്രത്തിലും പാലക്കുറ്റി സുബ്രഹ്മണ്യക്ഷേത്രത്തിലും കവർച്ച നടത്തിയ വയനാട് പടിഞ്ഞാറെത്തറ മുണ്ടക്കുറ്റി കുന്നത്ത് വീട്ടിൽ എജിലാൽ (29) പൊലീസിന്റെ പിടിയിലായി. ക്ഷേത്രോത്സവം കഴിഞ്ഞ് സൂക്ഷിച്ച സ്വർണാഭരണങ്ങളും 50,000 രൂപയുമാണ് കളവ് പോയത്. ക്ഷേത്ര കവർച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ച് താമരശ്ശേരി ഡിവൈഎസ്പിഅബ്ദുൽ റസാഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോഴിക്കോട്, കുന്നമംഗലം, കൊടുവള്ളി, വൈത്തിരി, കൽപറ്റ, പടിഞ്ഞാറെത്തറ, മീനങ്ങാടി, ബത്തേരി ,മാനന്തവാടി എന്നിവിടങ്ങളിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രതി കവർച്ച നടത്തിയിട്ടുണ്ടെന്നും പല തവണ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി 2017ന് ആണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

മോഷണശേഷം മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ആർഭാട ജീവിതം നയിക്കാറാണ് പതിവ് . മോഷണം നടത്തിയ സ്വർണവും 10000 രൂപയും കണ്ടെടുത്തു.ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ രാജീവ് ബാബു, വി.കെ.സുരേഷ്, എഎസ്ഐ ഷിബിൽ ജോസഫ് ,എസ്പിഒ അബ്ദുൽ റഹിം എന്നിവരും അടങ്ങിയ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ മൈസൂരുവിൽ വച്ചാണ് ഇന്നലെ പിടികൂടിയത്. താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു

Leave A Reply