യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതി റിമാൻഡിൽ

എരുമേലി: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ മണിമല വെള്ളാവൂർ ഏറത്ത് വടകര അമ്പിളിഭവനിൽ ആർ.അനൂപിനെ(31) പോലീസ് ഈരാറ്റുപേട്ട കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്തു.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ എരുമേലി കനകപ്പലം രാജീവ് ഭവൻ കോളനിയിൽ വളവനാട്ട് വിജയകുമാർ (40) ആണ് പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത് .മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം .

കൊലക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച പകൽ മണിമല ടൗണിന്റെ പരിസരത്ത് നിന്ന്‌ പിടികൂടുകയായിരുന്നു. ചോരപ്പാടുള്ള വസ്ത്രങ്ങൾ എറണാകുളത്ത് കോടതിപരിസരത്തുള്ള മാലിന്യകേന്ദ്രത്തിൽ ഉപേക്ഷിച്ചശേഷം പ്രതി തിരികെ മണിമലയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്ന് പോലീസ് വെളിപ്പെടുത്തി . തുടർന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ പോലീസ് പ്രതിയുമായി എറണാകുളത്തെത്തി വസ്ത്രങ്ങൾ കണ്ടെടുത്തു. അതെ സമയം , പ്രതി കുത്താനുപയോഗിച്ച കത്തി കണ്ടെടുക്കാനുണ്ട്.

Leave A Reply