അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ മകൻ കുത്തേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ

എരുമേലി : അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ മകൻ കുത്തേറ്റ് മരിച്ചു. കനകപ്പലം മൂന്ന് സെന്റ് കോളനിയിലാണ് സംഭവം. വളവനാട്ട് വിജയകുമാർ (വിജു – 41) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടിൽ വെച്ചാണ് വിജു കുത്തേറ്റ് കൊല്ലപ്പെട്ടത്. അയൽവാസിയായ മണിമല സ്വദേശി അനൂപ് ആർ നായർ (35) ആണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

നാല് വർഷം മുമ്പാണ് വിജുവിന്റെ പിതാവ് ഗോപാലൻ മരിച്ചത് . കഴിഞ്ഞ ദിവസമായിരുന്നു ചരമ വാർഷിക ദിനം. രാത്രിയിൽ ഇതിന്റെ ഭാഗമായി പ്രാർത്ഥന നടത്തിയ ശേഷം വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന വിജുവിനെ അനൂപ് വിളിച്ചുണർത്തി സിറ്റൗട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്.

സംഭവത്തിന്‌ ശേഷം രക്തം പുരണ്ട പിച്ചാത്തിയുമായി ഓടി രക്ഷപെട്ട ഇയാളുടെ പുറകെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ തിരികെ വന്നാണ് വിജുവിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാല് മുറിവുകളാണ് വിജുവിന്റെ ശരീരത്തിൽ ഉള്ളതെന്ന് പോലിസ് പറഞ്ഞു. വിജുവിന്റെ ഭാര്യയുമായി അനൂപ് അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതക കാരണമെന്നാണ് പോലിസ് പറയുന്നത്.

പിച്ചാത്തിക്കൊപ്പം വടിയുമായാണ് അനൂപ് വിജുവിന്റെ വീട്ടിൽ എത്തിയത്. ആദ്യം വടി ഉപയോഗിച്ച് വിജുവിനെ അടിച്ചു. ഇത് തടഞ്ഞതോടെ മല്പിടുത്തമായി. ഇതിനിടെയാണ് പിച്ചാത്തി ഉപയോഗിച്ച് കുത്തിയത്. വിജുവിന്റെ നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ രക്തം പുരണ്ട കത്തിയുമായി അനൂപ് ഓടിപ്പോവുകയായിരുന്നു. മണിമലയിൽ വെച്ച് പ്രതിയെ പോലിസ് കണ്ടെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട വിജുവിന്റെ ഭാര്യ നിഷ. വിശാൽ, വിശാഖ് എന്നിവരാണ് മക്കൾ.

Leave A Reply