മാന്തുരുത്തിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

നെടുംകുന്നം:  മാന്തുരുത്തിയിൽ കെട്ടിടനിർമാണത്തിന്റ മറവിൽ വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു . നെടുംകുന്നം-മാന്തുരുത്തി റോഡിൽ മൂലേക്കുന്നിന് സമീപത്താണ് വീണ്ടും മണ്ണെടുക്കാൻ ശ്രമം നടത്തിയത് .

ഒരുമാസം മുൻപ് ഇവിടെ സമാനമായ രീതിയിൽ മണ്ണെടുപ്പ് നടത്തിയിരുന്നു.അന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. കെട്ടിടനിർമാണത്തിന്റ മറവിൽ 20 സെന്റ് സ്ഥലത്തുനിന്ന്‌ മണ്ണെടുക്കാനുള്ള അനുമതി വാങ്ങിയ ശേഷം അരയേക്കറോളം സ്ഥലത്തെ കുന്നിടിക്കുകയാണ് മണ്ണുമാഫിയകളുടെ പതിവ് രീതിയെന്ന് നാട്ടുകാർ ആരോപിച്ചു . ലോറിയും മണ്ണുമാന്തിയന്ത്രവും നാട്ടുകാർ തടഞ്ഞതോടെ റവന്യൂ അധികൃതരും പോലീസുമെത്തി മണ്ണെടുപ്പ് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച രാവിലെ ഒൻപതരയോടെ വീണ്ടും മണ്ണെടുക്കാനെത്തിയപ്പോഴാണ് നാട്ടുകാർ വീണ്ടും രംഗത്തിറങ്ങിയത് . വിവരമറിഞ്ഞ് വില്ലേജ് അധികൃതരും സ്ഥലത്തെത്തി. മണ്ണെടുക്കാൻ പുതിയ അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി . ഇതോടെ മണ്ണെടുക്കാനുള്ള ശ്രമം സ്ഥലം ഉടമ ഉപേക്ഷിക്കുകയായിരുന്നു.

Leave A Reply