മരണം ഹൃദയാഘാതമായെത്തി; പക്ഷേ, ഏലിക്കുട്ടിയുടെ കണ്ണുകൾ അടയുന്നില്ല. . .

എരുമേലി : പ്രായമായി മരണം ഇനി അധികം ദൂരത്തല്ലെന്ന് മനസ്സിലാക്കിയ ഏലിക്കുട്ടി രണ്ട് വർഷം മുമ്പത്തെ സമ്മതപത്രത്തെ കുറിച്ച് മക്കളെ ഓർമിപ്പിക്കുമായിരുന്നു. മറന്നുപോകാതിരിക്കാൻ അതെടുത്ത് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇന്നലെ മരണം ഹൃദയാഘാതമായെത്തി ഏലിക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അപ്പോഴും കിടക്കയുടെ അരികിലുണ്ടായിരുന്നു ആ സമ്മതപത്രം. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ അമ്മ എഴുതി ഒപ്പിട്ടുവെച്ച സമ്മതപത്രം ഇന്നലെ മക്കൾ കൈമാറുമ്പോൾ ഏലിക്കുട്ടിയുടെ കണ്ണുകൾ മറ്റാർക്കോ വെളിച്ചമാകാൻ നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു.

എരുമേലി നേർച്ചപ്പാറ സെന്റ് മേരി പാലക്കുടി പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (81) യുടെ വലിയൊരാഗ്രഹമാണ് അന്ത്യാഭിലാഷമായി യാഥാർഥ്യമായത്. ഇടവക പള്ളിയായ അസംപ്‌ഷൻ ഫൊറോനാ ദേവാലയത്തിലെ സെന്റ് മേരി കൂട്ടായ്മ രണ്ട് വർഷം മുമ്പ് സംഘടിപ്പിച്ച യോഗത്തിൽ വെച്ചാണ് ഏലിക്കുട്ടി തന്റെ അവയവങ്ങൾ ദാനമായി നൽകാനുള്ള സമ്മതപത്രം ഒപ്പിട്ട് നൽകിയത്. അന്ന് നൂറിൽപരം പേർ ഇങ്ങനെ സമ്മതപത്രം നൽകിയിരുന്നു. ഇവരിൽ രണ്ടാമത്തെ അവയവദാനമായിരുന്നു ഇന്നലെ ഏലിക്കുട്ടിയുടെ മരണത്തിൽ നടന്നത്.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേത്ര ബാങ്ക് മുഖേനെയാണ് കണ്ണുകൾ ദാനം ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ കണ്ണുകൾ യോജിക്കുന്നവരെ കണ്ടെത്തി നേത്രങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് കോർഡിനേറ്റർ എബി ജോസ്, അവയവ ദാന കൂട്ടായ്മ പ്രവർത്തകൻ സെബാസ്റ്റ്യൻ ടോം എന്നിവർ പറഞ്ഞു.

ഏലിക്കുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.

Leave A Reply