മകരജ്യോതി ദർശനം; കർശന സുരക്ഷയൊരുക്കി പോലീസ്

ഇന്ന് വൈകുന്നേരം മുതൽ നാളെ പുലരും വരെ എരുമേലിയിലെ ശബരിമല പാതകൾ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജാഗ്രതയിലും നിയന്ത്രണത്തിലും. ഒപ്പം ഓരോ വകുപ്പുകളിലെയും പ്രവർത്തനങ്ങൾ ജില്ലാതല ദുരന്ത നിവാരണ സമിതി നിരീക്ഷിച്ച് വിലയിരുത്തും. മകരജ്യോതി ദർശനം മുൻനിർത്തിയാണ് സുരക്ഷ ഒരുക്കുന്നത്. പഴുതുകളില്ലാത്ത വിധം സുരക്ഷ ഒരുക്കാനാണ് നിർദേശം.

ശബരിമല പാതകളിലെയും അനുബന്ധ സമാന്തര പാതകളിലെയും ഓരോ ജങ്ഷനിലും പോലിസ് ഡ്യൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസിന് പുറമെ പട്രോളിംഗിന് മോട്ടോർ വാഹന വകുപ്പിന്റെ ഏഴ് പട്രോളിംഗ് സ്‌ക്വാഡ് ഉണ്ടാകും. അസ്കാ ലൈറ്റുകളും വൈദ്യുതി മുടക്കം ഒഴിവാക്കാനും കെഎസ്ഇബി ജീവനക്കാരുണ്ടാകും. വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വനങ്ങളിൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിൽ 108 ഉൾപ്പെടെ ആംബുലൻസുകളും ഡോക്ടർമാരുടെ സേവനവും തയ്യാറായിട്ടുണ്ട്. ഫയർ ഫോഴ്സിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായി ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സ്പെഷ്യൽ സർവീസുകൾക്ക് ബസുകൾ തയ്യാറാക്കി കെഎസ്ആർടിസി ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കോട്ടയം എഡിഎം, ജില്ലാ മെഡിക്കൽ ഓഫിസർ കാഞ്ഞിരപ്പള്ളി തഹസിൽദാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി, പൊൻകുന്നം ജോയിന്റ് ആർടിഒ, ഫയർ ഫോഴ്‌സ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഓഫിസർ, വനം വകുപ്പിൽ എരുമേലി – പമ്പാ – അഴുതാ റേഞ്ച് ഓഫീസർമാർ, കെഎസ്ഇബി പൊൻകുന്നം മേജർ സെക്ഷൻ എൻജിനീയർ, കെഎസ്ആർടിസി പൊൻകുന്നം എടിഒ, എന്നിവരുടെ നേതൃത്വത്തിലാണ് വകുപ്പുകളിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

എരുമേലി പോലിസ് സ്പെഷ്യൽ ഓഫിസറായ ആലപ്പുഴ എഎസ്പി ബി കൃഷ്ണകുമാർ പോലീസിന്റെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും.

മോട്ടോർ വാഹന വകുപ്പിന്റെ ഏഴ് പട്രോളിംഗ് സ്‌ക്വാഡുകൾ ഇന്ന് വൈകിട്ട് ആറ് മണിക്ക് എരുമേലി കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും പട്രോളിംഗ് ആരംഭിക്കും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അജിത്കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. കോട്ടയം ആർടിഒ ചാക്കോ, എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടോജോ എം തോമസ്, സേഫ് സോൺ എരുമേലി കൺട്രോളിങ് ഓഫിസർ ഷാനവാസ്‌ കരീം എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

പട്രോളിംഗ് സ്‌ക്വാഡുകൾ കണമല പാലത്തിൽ ക്യാമ്പ് ചെയ്ത ശേഷം മകരജ്യോതി കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടക വാഹനങ്ങൾക്ക് കോൺവെ ആയി പട്രോളിംഗ് നടത്തും. അര മണിക്കൂർ ഇടവിട്ട് ആണ് കോൺവെ ആയി വാഹനങ്ങൾ കടത്തിവിടുക. മുന്നിലും പിന്നിലും പട്രോളിംഗ് സ്‌ക്വാഡ് ഉണ്ടാകും. എരുമേലി, കണമല, കോരുത്തോട്, മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നീ പാതകളിൽ ഓരോ പട്രോളിംഗ് സ്‌ക്വാഡ് തുടർന്ന് പട്രോളിംഗ് നടത്തും.വാഹനങ്ങൾക്ക് ഓരോ ഡ്യൂട്ടി പോയിന്റിലും പോലീസുകാർ സിഗ്നൽ നൽകും. ഇതിനായി പോലീസുകാർക്ക് സിഗ്നൽ ബാറ്റൺ ലൈറ്റുകൾ നൽകിയിട്ടുണ്ട്.

ശബരിമല പൊന്നമ്പലമേട്ടിൽ ഇന്ന് വൈകിട്ടാണ് മകരജ്യോതി തെളിയുക. ഭക്തിയേറുന്ന ഈ കാഴ്ച ദർശിക്കാൻ അനേകായിരം തീർത്ഥാടകരാണ് എത്തുക. സന്നിധാനത്തും ശബരിമല വനപ്രദേശങ്ങളിലെ ഉയരമേറിയ മലഞ്ചെരിവുകളിലുമാണ് തീർത്ഥാടകർ ഇതിനായി തമ്പടിക്കുക. ദർശനം കഴിഞ്ഞ് ഇവരെല്ലാം ഒരേ സമയത്താണ് കൂട്ടത്തോടെ മടങ്ങുക. എല്ലാ സീസണിലും വൻ തിരക്കും അപകട സാധ്യതകളുമാണ് ദർശനത്തിലും ഇത് കഴിഞ്ഞുള്ള മടക്കത്തിലും നിറയുന്നത്. പുല്ലുമേട് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ഇതിന്റെ ഭാഗമായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളാണ് തയ്യാറായിട്ടുള്ളതെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply