വയോജനങ്ങളുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം; മന്ത്രി എം.എം മണി

കോട്ടയം: വയോജനങ്ങളുടെ ക്ഷേമവും  സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ജില്ലയില്‍ ആദ്യമായി ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പാക്കുന്ന  വയോമിത്രം പദ്ധതി കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചികിത്സാച്ചിലവ് ഏറി വരുന്ന  സാഹചര്യത്തില്‍ പരമാവധി ചികിത്സാ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കണം. കിടപ്പു രോഗികള്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനം  വിപുലീകരിക്കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെ  വീടുകളില്‍ ഉള്‍പ്പെടെ ബ്ലോക്കില്‍ നടപ്പാക്കുന്ന  പച്ചക്കറി കൃഷിയുടെ ഭാഗമായി ജൈവ പച്ചക്കറി തൈകളും മന്ത്രി വിതരണം ചെയ്തു. കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ  അധ്യക്ഷത വഹിച്ചു. അങ്കണ വാടികളില്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന മിനി പാര്‍ക്കിലേക്കുള്ള കളിക്കോപ്പുകളുടെ വിതരണം സി.കെ.ആശ എം.എല്‍.എ നിർവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി എന്നിവര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

Leave A Reply