മാര്‍ക്ക് കുറഞ്ഞു; അധ്യാപികയുടെ മുന്നില്‍ വച്ച് വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പിതാവ്

ആലപ്പുഴ: ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽ വച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽ വെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽ വെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.

വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർ കൊണ്ട് മുഖം മറച്ചു നിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു.

രക്ഷിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച അധ്യാപിക ഇത്തരം  പെരുമാറ്റത്തിനെതിരെ  പൊലീസില്‍ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയിലാണ് ആരോ വീഡിയോ എടുക്കുന്നത് അധ്യാപിക ശ്രദ്ധിച്ച് അതിനെക്കുറിച്ച് തിരക്കുന്നത്. ഇതോടെ രക്ഷിതാവ് ക്ഷുഭിതനായി തിരിയുന്നത് വരെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.

Leave A Reply