ബ്രേക്ക്‌ തകരാർ: കെഎസ്ആർടിസി ശബരിമല തീർത്ഥാടകരുടെ ബസിലിടിച്ച് 12 പേർക്ക് പരിക്ക് 

കെഎസ്ആർടിസി ബസിൻെറ ബ്രേക്ക്‌ തകരാർ മൂലം കണമല ഇറക്കത്തിൽ അപകടം. ബ്രേക്ക്‌ പോയ കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടക ബസിലിടിച്ചാണ് അപകടം ഉണ്ടായത്. എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ 12 തീർത്ഥാടകർക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കണമല ഇറക്കത്തിലെ അട്ടിവളവിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച മിനി ബസിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. ബ്രേക്ക്‌ തകരാർ മൂലം ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ ബസ് റോഡരികിലെ ഓടയിലേക്ക് വെട്ടിച്ച് അപകടം ഒഴിവാക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ എതിരെ കയറ്റം കയറിവന്ന മിനി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ബസ് റോഡിൽ കൊക്കയുടെ വശത്തോട് ചേർന്നുള്ള ക്രാഷ് ബാരിയാറിലേക്ക് ഇടിച്ചുനിന്നു. കെഎസ്ആർടിസി ബസ് ഓടയിൽ ഇടിച്ചിറങ്ങി.

സ്ഥലത്തുണ്ടായിരുന്ന പോലിസ് ആണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും എത്തി. പരിക്കേറ്റവരെ ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ എട്ട് വയസുകാരനായ തീർത്ഥാടകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ അപകടങ്ങളാണ് കണമല ഇറക്കത്തിലും ഇറക്കത്തിലെ അട്ടിവളവിലും സംഭവിച്ചിട്ടുള്ളത്.

അപകടങ്ങൾ തുടർന്നതോടെ ബദൽ പാത നിർമിക്കുകയും ക്രാഷ് ബാരിയറുകളും സുരക്ഷാ ക്രമീകരണങ്ങളും ഇറക്കത്തിൽ നടപ്പിലാക്കി. എന്നാൽ ബദൽ പാതയായ കീരിത്തോട് റോഡ് സുരക്ഷിതമല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിയാതെ വിലക്ക് ഏർപ്പെടുത്തുകയും കണമല ഇറക്കത്തിൽ വലിയ വാഹനങ്ങൾക്ക് നിരോധനം നടപ്പിലാക്കിയുമാണ് ഏതാനും വർഷങ്ങളായി ശബരിമല സീസണുകളിൽ പോലിസ് ഗതാഗത ക്രമീകരണം നടത്തുന്നത്.

ഇന്നലെ അപകടത്തിന് കാരണമായത് കെഎസ്ആർടിസി ബസിന്റെ ബ്രേക്ക്‌ തകരാറായിരുന്നു. ഇറക്കത്തിൽ ബസ് സഞ്ചരിച്ചത് താഴ്ന്ന ഗിയറിലായിരുന്നെന്നും വേഗത കുറയ്ക്കാൻ തുടർച്ചയായി ബ്രേക്ക്‌ ചെയ്തപ്പോൾ ബ്രേക്കിന്റെ പ്രവർത്തനം തടസപ്പെടുകയായിരുന്നെന്നും പറയുന്നു. ബ്രേക്ക്‌പ്രവർത്തന രഹിതമായതോടെ ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടമായ ബസ് റോഡരികിലെ ഓടയിലേക്ക് വെട്ടിച്ചിറക്കി അപകടം ഒഴിവാക്കി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ബസ് ഡ്രൈവർ മനോധൈര്യത്തോടെ ശ്രമിക്കുകയായിരുന്നു. ഈ ശ്രമത്തിനിടെയാണ് മുന്നിൽ തീർത്ഥാടകരുമായി മിനി ബസ് എത്തിയത്. മിനി ബസിൽ ഇടിച്ച ശേഷം കെഎസ്ആർടിസി ബസ് ഓടയിൽ ഇടിച്ചിറങ്ങി നിന്നു. മിനി ബസ് കൊക്കയുടെ വശത്തുള്ള ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്. ഇരു വാഹനങ്ങളും തകർന്ന നിലയിലാണ്. എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, സി ഐ. ആർ. മധു, മോട്ടോർ വാഹന വകുപ്പ് അസി. ഇൻസ്‌പെക്ടർ ഷാനവാസ്‌ കരീം, വാർഡ് അംഗം അനീഷ്‌ തുടങ്ങിയവർ സ്ഥലത്തെത്തി.

Leave A Reply