കണമല പാതയിൽ ബസ് അപകടം; തീർത്ഥാടകരുൾപ്പെടെ 15 പേർക്ക് പരുക്ക്

എരുമേലി:  ശബരിമല തീർഥാടകരുമായി പമ്പയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട്  ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസുമായി കൂട്ടിയിടിച്ചു .  അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു . കണമല ഇറക്കത്തിലെ അട്ടിവളവിന് സമീപം തിങ്കളാഴ്ച പകൽ രണ്ടരയ്ക്കാണ് അപകടം നടന്നത് .

എറണാകുളം ഡിപ്പോയിലേതാണ് ബസ്. ഇടിയുടെ ആഘാതത്തിൽ മിനിബസ് റോഡിന്റെ മറുവശത്തേയ്ക്ക് തെന്നി മാറി. ക്രാഷ് ബാരിയറുള്ളതിനാൽ കുഴിയിലേക്ക്‌ പതിച്ചില്ല. കർണാടക സ്വദേശികളാണ് മിനിബസിലുണ്ടായിരുന്നത്. ശബരിമലദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ പരുക്കേറ്റ കർണാടക സ്വദേശികളായ ലക്ഷ്മി നാരായൺ (45), സാന്യേഷ് (28), രവി (28), ആന്ധ്രാ സ്വദേശി യുഷിദ്കുമാർ (8) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവർ സോമസുന്ദരം (41), ആന്ധ്രാ, കർണാടക സ്വദേശികളായ അലുഗവെല്ലി സുന്ദർ റെഡ്ഡി (36), റാവൺ റെഡ്ഡി (39), ഗജരാജു പവൻ സായി, ശ്രീനിവാസ് റെഡ്ഡി, രാജേഷ്‌കുമാർ, ഇന്ദിര, കൽമേഷ്, രങ്കണ്ണ (40), ആദിത്യ (7), ജയപാൽ (45) എന്നിവരെ മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളിലാക്കി.

ക്രെയിൻ ഉപയോഗിച്ചാണ് രണ്ട് വാഹനവും നീക്കിയത് . തുടർന്ന് അഞ്ചരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു . 2010-ൽ ഭക്തർ സഞ്ചരിച്ച ലോറി റോഡിൽ മറിഞ്ഞ് 12 പേർ മരിച്ചത് ഈ ഭാഗത്താണ്. രണ്ടാഴ്ചമുമ്പ് അട്ടിവളവിന് താഴെ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു.

Leave A Reply