റാസല്‍ഖൈമയിൽ മഴ ആസ്വദിക്കാൻ പോയ യുവാവ് വാഹനത്തിൽ കുടുങ്ങി ; രക്ഷകരായി പോലീസ് – വീഡിയോ വൈറൽ

റാസല്‍ഖൈമ:  യുഎഇയില്‍ കനത്തമഴയില്‍ വാഹനത്തില്‍ കുടുങ്ങി കിടന്ന യുവാവിനെ റാസല്‍ ഖൈമ പോലീസ് അതി സാഹസികമായി രക്ഷപ്പെടുത്തി . വാദി താഴ്‍വരയില്‍ പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ യുഎഇ സ്വദേശിയായ യുവാവ് വാഹനത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു . മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്ന യുവാവിനെ ഹെലികോപ്റ്ററിലെത്തിയ റാസല്‍ ഖൈമ പൊലീസിന്‍റെ വ്യോമ വിഭാഗമാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയായായിരുന്നു സംഭവം .

കേണല്‍ പൈലറ്റ് സയീദ് റാഷിദ് അല്‍ യമാഹിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം . ഇരുപതുകാരനായ യുവാവിനെയാണ് സേന രക്ഷപ്പെടുത്തിയത്. മഴ ആസ്വദിക്കാനായിട്ടാണ് ഇയാൾ താഴ്‌വരയിൽ എത്തിയത് . മഴ ശക്തമാണെന്നും അതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് വീഡിയോ പങ്കുവച്ച് പൊലീസ് ആവശ്യപ്പെടുന്നുണ്ട് .

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ യുഎഇയില്‍ റോഡ്,വ്യോമ ഗതാഗതം താറുമാറായിരുന്നു. തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നത് .

Leave A Reply