ഇനി പന്നി ഇറച്ചി കഴിച്ചു കൊണ്ട് തന്നെ വെജിറ്റേറിയനാകാം; ചെടികളിൽ നിന്നും പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നു

ഇനി വെജിറ്റേറിയനായി തുടർന്ന് തന്നെ പന്നിയിറച്ചിയുടെ രുചിയറിയാം. മാംസാഹാരങ്ങളുടെ രുചി ഉപേക്ഷിക്കാതെ തന്നെ ഇനി വെജിറ്റേറിയനിലേക്ക് ചുവടുമാറാം. അത്തരമൊരു സാധ്യത ഒരുക്കുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ്.

ചെടികളിൽ നിന്നുമാണ് പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തിൽ അരച്ച പന്നി മാംസവും സോസേജും പുറത്തിറക്കാൻ പോകുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. പന്നി മാംസത്തിന്റെ അതേ രുചിയും ഗുണവുമാണ് തങ്ങളുടെ ഉത്പന്നങ്ങൾക്ക്എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വെജിറ്റേറിയൻ പോർക്ക് എന്നാണ് പുറത്തിറക്കുന്നതെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെള്ളം, സോയ പ്രോട്ടീൻ കോൺസെൻട്രേറ്റ്, വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, പ്രകൃതിദത്ത ഫ്‌ളേവറുകളും ചേർത്താണ് ഈ വ്യാജ പന്നി ഇറച്ചി നിർമിക്കുക. പരിസ്ഥിതിക്ക് ദോഷകരമാവാത്ത, ചെടികളിൽ നിന്ന് ഉണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് കുറച്ച് കാലമായി വിപണിയിൽ നല്ല ഡിമാൻഡാണ്. സസ്യങ്ങളിൽ നിന്നുള്ള ചേരുവകളുപയോഗിച്ച് മാംസത്തിന്റെ ഗുണങ്ങളുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കമ്പനികളുടെ ശ്രമം. ലോകത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന പോർക്ക് ഇറച്ചിക്ക് പന്നിപ്പനി വന്നതിന് ശേഷം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതിക്കും നല്ലത് തന്നെയാണ് ഈ നീക്കം എന്നതും ഇവക്ക് കൂടുതൽ പ്രധാന്യം നൽകുന്നു.

2020ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലായിരിക്കും ഇത് കമ്പനി അവതരിപ്പിക്കുക. മീൻ, കോഴി ഇറച്ചി, ചീസ്, പാൽ എന്നിവക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് തങ്ങളെന്ന് ഇംപോസിബിൾ ഫുഡ്‌സ് അധികൃതർ തന്നെ വ്യക്തമാക്കുന്നു. ആരോഗ്യപ്രദമായ ഭക്ഷണരീതികൾ പരീക്ഷിക്കാനും പിന്തുടരാനും ഇത്തരം പുതിയ പദ്ധതികൾ സഹായിക്കുന്നു. മനുഷ്യരുടെ അശ്രദ്ധമായ ഭക്ഷണ രീതികളാണ് പല മാരക രോഗങ്ങൾക്കും കാരണമാകുന്നത്.

 

Leave A Reply