ചന്ദനക്കുടം: പാഠ്യപദ്ധതിയിലാക്കണമെന്ന് രാജു; ഒരുമയും ഐക്യവും മാലിന്യങ്ങൾ മാറ്റാനും കാട്ടണമെന്ന് പി.സി

എരുമേലിയിൽ ചന്ദനക്കുടം കൊടിയിറങ്ങി പേട്ടതുള്ളലിന്റെ ആരവങ്ങൾ നിറയുകയാണ്. നേരം പുലരുവോളം നീണ്ട ചന്ദനക്കുടഘോഷത്തിൽ ഗാനമേളയും നാടൻ കലാ വിസ്മയങ്ങളുമൊക്കെ ശ്രദ്ധേയമായി, പക്ഷെ സമ്മേളനം അത്ര മികച്ചതായില്ല. മന്ത്രി എത്താത്തതിന്റെ കുറവ് മുഴച്ചുനിന്നു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്താത്തതിനാൽ പകരം ഉത്ഘാടനം നടത്തിയ എം പി ആന്റോ ആന്റണി ആകട്ടെ പ്രസംഗം ചുരുക്കി വേദിയിൽ നിന്നിറങ്ങി സ്ഥലം വിട്ടു.

എരുമേലിയെ ഏറെ ഇഷ്‌ടമാണെന്ന് പ്രസംഗത്തിൽ പറഞ്ഞ പി സി ജോർജ് എംഎൽഎ ഇത് നല്ല വേദിയാണെങ്കിലും മോശമായ ഒരു കാര്യം തുറന്നുപറയാതിരിക്കാൻ നിവൃത്തിയില്ലെന്ന് എരുമേലിയിലെ തോടുകൾ മലിനമായതിനെ കുറിച്ച് പറഞ്ഞു. പണം ഉണ്ടാക്കാൻ നാട് നശിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചന്ദനക്കുട ആഘോഷത്തിന് കാണുന്ന ഒരുമയും ഐക്യവും മാലിന്യങ്ങൾ മാറ്റാനും കാട്ടണമെന്ന് എംഎൽഎ പറഞ്ഞു.

മത മൈത്രി എന്നത് വാക്കുകളിൽ മാത്രമല്ല പ്രവർത്തികളിലും ഉറപ്പായിരിക്കണമെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ച റാന്നി എംഎൽഎ രാജു എബ്രഹാം എരുമേലിയിൽ വിമാനത്താവളം വരുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. എരുമേലിയിലെ ചന്ദനക്കുടഘോഷവും പേട്ടതുള്ളലും സ്‌കൂളുകളിൽ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം സർക്കാരിന് നിവേദനം ആയി നൽകുമെന്നും എംഎൽഎ പറഞ്ഞു.

മതമൈത്രി എന്ന വാക്കിന് പകരം എരുമേലി എന്ന് പറഞ്ഞാൽ മതിയെന്നും എരുമേലി പുണ്യഭൂമിയാണെന്നും കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. എൻ ജയരാജ്‌ പ്രസംഗത്തിൽ പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ആണ് പതാക ഉയർത്തി വീശിയ ശേഷം ജമാഅത്ത് പ്രസിഡന്റിന് കൈമാറി റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ജില്ലാ കളക്ടറുടെ പ്രതിനിധിയായി അനിൽ ഉമ്മൻ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോട്ടയം എസ് പി. പി എസ് സാബു, എരുമേലി പോലിസ് സ്പെഷ്യൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ആലപ്പുഴ എഎസ്പി. ബി കൃഷ്ണകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, റവ. ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, മാഗി ജോസഫ്, പി കെ അബ്ദുൽ കരീം, കെ ആർ അജേഷ്, ജസ്‌നാ നജീബ്, ഫാരീസാ ജമാൽ , ടി അശോക് കുമാർ, വി എസ് ഗോപിനാഥ പിള്ള, എം കെ സത്യൻ, എസ് മനോജ്‌, ഹരികുമാർ, മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ജമാഅത്ത് പ്രസിഡന്റ് പി എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൈസാം സ്വാഗതം പറഞ്ഞു. ട്രഷറർ നാസർ പനച്ചി നന്ദി പറഞ്ഞു. സമ്മേളനത്തിന് മുമ്പ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രതിനിധികളും പന്തളം രാജകുടുംബ പ്രതിനിധിയും ജമാഅത്ത് ഭാരവാഹികളും തമ്മിൽ സൗഹൃദ സംഗമം നടന്നു.

Leave A Reply