രണ്ട് പതിറ്റാണ്ടായി അമ്പലപ്പുഴക്ക് ചൈതന്യമായി ഒറ്റ നായകൻ; കളത്തിൽ ചന്ദ്രശേഖരൻ നായർ

എരുമേലി : പ്രായം 86 ആയി പക്ഷെ ശരണകീർത്തനങ്ങൾ ഉച്ചത്തിൽ തന്നെ മുഴക്കും കളത്തിൽ ചന്ദ്രശേഖരൻ നായർ. എല്ലാ മലയാള മാസത്തിന്റെ ആദ്യ ദിനങ്ങളിൽ ശബരിമലയിലുമെത്തും . എരുമേലിയിൽ ചരിത്ര പ്രശസ്തമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് സമൂഹ പെരിയോൻ ആയി 65 വയസ്സുള്ളപ്പോഴാണ് ചന്ദ്രശേഖരൻ നായർ ചുമതലയേൽക്കുന്നത്. അന്ന് മുതൽ ഇത് വരെ 21 വർഷമായി സമൂഹ പെരിയോന്റെ സ്ഥാനത്ത് മറ്റൊരാളെ അമ്പലപ്പുഴ സംഘം സങ്കല്പിച്ചിട്ടില്ല.

ഏകകണ്ഠമായി ഓരോ തവണയും അവർ ഉച്ചരിക്കുന്നത് ചന്ദ്രശേഖരൻ നായരുടെ പേരാണ്. ഏറ്റവും കൂടുതൽ തവണ സമൂഹ പെരിയോനായതും ചന്ദ്രശേഖരൻ നായരാണ്. വാവരുടെ പ്രതിനിധികളിൽ ചന്ദ്രശേഖരൻ നായർക്കൊപ്പം കൂടുതൽ കാലമുണ്ടായിരുന്നത് എരുമേലി താഴത്തുവീട്ടിൽ ഹസൻ റാവുത്തറാണ്. ഇദ്ദേഹത്തിന്റെ മരണശേഷം ചുമതല ലഭിച്ച മലയിൽ യൂസഫ് രണ്ട് വർഷം മുമ്പാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം വാവരുടെ പ്രതിനിധി ഇല്ലാതെയായിരുന്നു പേട്ടതുള്ളൽ. ഹസൻ റാവുത്തറുമായി ഏറെ സഹൃദം പുലർത്തിയിരുന്നു ചന്ദ്രശേഖരൻ നായർ. റാവുത്തറുടെ വിയോഗത്തിന് ശേഷം ഈ ഓർമ്മക്ക് പേട്ടതുള്ളലിന് മുമ്പ് റാവുത്തറുടെ വീട് സന്ദർശിക്കുന്ന പതിവുമുണ്ട്.

എരുമേലി നൈനാർ ജുമാ മസ്ജിദ് ഇമാം അബ്ദുൽ കരീം മൗലവി, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ എന്നിവരുമായി അടുത്ത സൗഹൃദ ബന്ധമാണുള്ളത്. പല വേദികളിലും ഒരുമിച്ച് പങ്കെടുക്കാൻ കഴിഞ്ഞത് സുകൃതമായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സ്വല്പം കേഴ്‌വിക്കുറവ് ഉണ്ടെന്നുള്ളതൊഴിച്ചാൽ ചന്ദ്രശേഖരൻ നായർക്ക് കാര്യമായ ആരോഗ്യപ്രശനങ്ങളില്ല. പേട്ടതുള്ളലിന്റെ ചൈതന്യം ആണ് തന്റെ പ്രസരിപ്പെന്ന് അദ്ദേഹം പറയുന്നു. അമ്പലപ്പുഴ, കരൂർ, ആമയിട, കോമന, പുറക്കാട്, കരുമാടി, അയ്യൻകോയിക്കൽ എന്നിങ്ങനെ ഏഴ് കരകളിൽ നിന്നുള്ള ഭക്തരടങ്ങുന്നതാണ് അമ്പലപ്പുഴ സംഘം. ഏഴ് കരകളിലെ പെരിയോന്മാർ ചേർന്നാണ് സമൂഹ പെരിയോനെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ തവണ ശബരിമല ചവിട്ടിയതും കൂടുതൽ കാലം പെരിയോൻ സ്ഥാനം വഹിച്ചതും കണക്കിലെടുത്താണ് സമൂഹ പെരിയോനെ നിശ്ചയിക്കുന്നത്.

ശ്രീ അയ്യപ്പൻറെ മാതൃ സ്ഥാനീയരാണ് അമ്പലപ്പുഴ സംഘം. ആദ്യം പേട്ടതുള്ളാൻ അവകാശവും മാതൃ സ്ഥാനീയർക്കാണ്. പുലിപ്പാൽ തേടി അയ്യപ്പൻറെ ശബരിമല യാത്രയിൽ തുണയ്ക്കായി ആദ്യം പുറപ്പെട്ട പടയാളി സംഘം അമ്പലപ്പുഴ സംഘമാണെന്നാണ് ഐതീഹ്യം. അയ്യപ്പനെ പിന്തുടർന്ന് എരുമേലിയിലെത്തുമ്പോൾ മഹിഷിയെ നിഗ്രഹിച്ച കാഴ്ച കണ്ട സംഘം അയ്യപ്പൻ ആണ് വധിച്ചതെന്നറിഞ്ഞ് നാട്ടുകാർക്കൊപ്പം സന്തോഷനൃത്തം നടത്തുകയും തുടർന്ന് അയ്യപ്പൻ പോയ വഴി തിരഞ്ഞ് കാടിളക്കി പോയെന്നുമാണ് വിശ്വാസം. ഇതിന്റെ അനുസ്മരണമാണ് പേട്ടതുള്ളൽ.

51 ദിവസത്തെ വൃതത്തിന് ശേഷമാണ് സംഘം പേട്ടതുള്ളാനെത്തുക. 50 ൽ പരം ക്ഷേത്രങ്ങൾ ചുറ്റിയാണ് വരവ്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പൂജിച്ച സ്വർണ തിടമ്പ് രഥത്തിൽ എഴുന്നെള്ളിച്ച് പത്ത് ദിവസം നീളുന്ന ഘോഷയാത്രയായാണ് സംഘം എരുമേലിയിലെത്തുന്നത്. ഇന്നലെ രാവിലെ മണിമലക്കാവ് ക്ഷേത്രത്തിൽ എത്തിയ സംഘം പടുക്ക വെയ്ക്കൽ പൂജ നടത്തി. ഭഗവാന്റെ രൂപം നാളികേരത്തിൽ സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തിയ സംഘം ഇന്നലെ രാത്രിയോടെ ആഴിപൂജയും നടത്തി. ഇന്ന് ഉച്ചയോടെ സംഘം എരുമേലിയിൽ എത്തും. രണ്ട് പതിറ്റാണ്ടോളം പേട്ടതുള്ളലിന് നടുനായകത്വം വഹിച്ചതിന്റെ ധന്യതയിലാണ് ഇത്തവണ ചന്ദ്രശേഖരൻ നായർ പേട്ടതുള്ളലിന് മുഖ്യ കാർമികത്വം വഹിക്കുക.

Leave A Reply