ചന്ദനക്കുടം, പേട്ടതുള്ളൽ: ആഘോഷമേളത്തിലേക്ക് എരുമേലി

എരുമേലി : ചന്ദനക്കുടം, പേട്ടതുള്ളൽ ഉത്സവം കാണാൻ ഒരുങ്ങി നിൽക്കുന്നു എരുമേലി. ഇന്ന് രാത്രി എട്ട് മണിയോടെ ആരംഭിക്കുന്ന ചന്ദനക്കുടഘോഷം നാളെ പുലർച്ചെയാണ് സമാപിക്കുക. തുടർന്നാണ് വൈകുന്നേരത്തോടെ സമാപിക്കുന്ന ചരിത്ര പ്രശസ്തമായ പേട്ടതുള്ളൽ. രണ്ട് ദിവസവും അവധി ദിനമായതിനാൽ ഇത്തവണ വൻ തിരക്കുണ്ടാകുമെന്നാണ് പോലിസ് കരുതുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നും നാളെയും പഞ്ചായത്ത്‌ പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ പോലീസുകാർക്ക് പുറമെ ക്യാമ്പുകളിലെ പോലിസ് സംഘങ്ങളും ഇതര സംസ്ഥാന പോലീസുകാരും ഡ്യൂട്ടിക്കുണ്ടാകും. ചന്ദനക്കുടം, പേട്ടതുള്ളൽ സമയത്ത് ടൗൺ റോഡിൽ ഗതാഗതം അനുവദിക്കില്ല. സമാന്തര പാതകളിലൂടെ വാഹനങ്ങൾ കടത്തിവിടും. ഗതാഗത നിയന്ത്രണം കുരുക്കിൽ പെടാതിരിക്കാൻ സമാന്തര പാതകളിൽ കൂടുതൽ പോലീസുകാർ ഡ്യൂട്ടിക്കുണ്ടാകും. എന്നാൽ വർഷമേറെയായിട്ടും വികസനം എത്താത്ത സമാന്തര പാതകളാണ് എരുമേലിയിൽ. വീതി കുറഞ്ഞതും വളവുകളും അപകട സാദ്ധ്യതകൾ നിറഞ്ഞതുമായ സമാന്തര പാതകളിൽ ഗതാഗത ക്രമീകരണം സാധ്യമാക്കാൻ പോലീസിന് ഏറെ കഷ്‌ടപ്പെടേണ്ടിവരും. ഇതിനിടെ പമ്പയിൽ തിരക്ക് വർധിച്ചാൽ എരുമേലിയിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടക വാഹനങ്ങൾ കടത്തിവിടാതെ തടഞ്ഞിടേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഗതാഗതം മൊത്തം താറുമാറാകും. ഈ സാഹചര്യം നേരിടേണ്ടി വന്നാൽ ടൗൺ പരിസരങ്ങളിലെ സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ മാറ്റിയിടുകയാണ് ബദൽ മാർഗമായി മുന്നിലുള്ളത്. തിരക്കേറിയൽ കൊരട്ടി കെടിഡിസി ഗ്രൗണ്ടിൽ പരമാവധി വാഹനങ്ങൾ പാർക്ക്‌ ചെയ്യിപ്പിക്കും.

ജില്ലാ പോലിസ് മേധാവി പി എസ് സാബു, ആലപ്പുഴ എഎസ്പി കൃഷ്ണകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൽ ക്രമീകരണങ്ങൾ. നിറഞ്ഞുകവിഞ്ഞ ഭക്തരുടെ പ്രവാഹത്തിലാണ് എരുമേലി. മകരവിളക്ക് ഉത്സവം തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ അന്യസംസ്ഥാന തീർത്ഥാടകരുടെ വരവിൽ ഗണ്യമായ വർധനവാണ് പ്രകടമായിരിക്കുന്നത്. ചന്ദനക്കുടാഘോഷങ്ങൾക്കായി രണ്ട് ലക്ഷത്തിൽ പരം രൂപ ചെലവിട്ടാണ് നൈനാർ മസ്ജിദ് വൈദ്യുതി ദീപങ്ങളിൽ അലങ്കരിച്ചിരിക്കുന്നത്. പേട്ടക്കവലയിൽ പള്ളിയും അമ്പലവും വർണവിളക്കുകളുടെ പ്രഭയിൽ നിറഞ്ഞ രാത്രികാഴ്ച കാണാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.

Leave A Reply