വടക്കനാട്ട‌് നരഭോജി കടുവയെ പിടികൂടാൻ കൂട‌് സ്ഥാപിച്ചു

സുൽത്താൻബത്തേരി:  വടക്കനാട്ട് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നരഭോജിയായ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂടുവെക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് വനംവകുപ്പ് ജീവനക്കാർ കൂടുമായി വനത്തിലേക്ക് പുറപ്പെട്ടു. പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെ കടുവ കൊന്നുതിന്ന, വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിനുകീഴിലുള്ള പെപ്പർയാഡ് വനഭാഗത്താണ് ഉദ്യോഗസ്ഥർ നിലവിൽ കൂട് സ്ഥാപിച്ചിരിക്കുന്നത് .

ചൊവ്വാഴ്ച വടക്കനാട് പ്രദേശത്ത് വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ചിരുന്നു . ഇതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായിട്ടാണ് കടുവയെ പിടികൂടാൻ വനംവകുപ്പ് ഉന്നതോദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം . കാരാട്ടുകുനി കൃഷ്ണന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന് വെള്ളംകൊടുത്ത ശേഷം കെട്ടിനിർത്തിയപ്പോഴാണ്, സമീപത്തെ വനത്തിൽനിന്നെത്തിയ കടുവ പശുവിന്റെ തലയിൽ പിടികൂടിയത്. കൃഷ്ണന്റെ കൺമുന്നിൽവച്ചാണ് പശുവിനെ ആക്രമിച്ചത് . കൃഷ്ണൻ ബഹളംവച്ചതിനെത്തുടർന്നാണ് പശുവിനെ വിട്ട് കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു .

വിവരമറിഞ്ഞ് പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചതോടെ മാനന്തവാടി ഡിവൈ.എസ്.പി. കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പോലീസെത്തി നാട്ടുകാരുമായി ചർച്ച നടത്തി. എന്നാൽ വിവരമറിയിച്ചിട്ടും വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥരാരും സ്ഥലത്തെത്താത്തത് നാട്ടുകാരെ ചൊടിപ്പിച്ചു .

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നൂൽപ്പുഴ പഞ്ചായത്തിലെ സി.പി.എമ്മിന്റെ നേതാക്കളും ജനപ്രതിനിധികളും ചൊവ്വാഴ്ച വൈകീട്ട് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ളിൽ കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു . ഇതിനെ തുടർന്നാണ് കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചത് .

കഴിഞ്ഞ ഞായറാഴ്ചയും വടക്കനാട് പ്രദേശത്ത് കടുവയെ കണ്ടിരുന്നു. പട്ടാപ്പകലും കടുവയുടെ ആക്രമണം ഉണ്ടാകുന്നതിനാൽ വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർ ഭയക്കുകയാണ് .

Leave A Reply