വടക്കനാടിൽ വീണ്ടും കടുവയിറങ്ങി

സുൽത്താൻബത്തേരി:  വയനാട് വന്യജീവിസങ്കേതത്തിന് അടുത്തുള്ള ജനവാസമേഖലയായ വടക്കനാടിൽ വീണ്ടും കടുവ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു . ഞായറാഴ്ച പതിനൊന്നുമണിയോടെയാണ് വടക്കനാട് പച്ചാടി താമരക്കുളത്തിനടുത്ത് കടുവ വെള്ളം കുടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് . ഉടൻതന്നെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയും പതിനൊന്നരയോടെ വനപാലകരെത്തുകയും ചെയ്തു.

ഒരാഴ്ചയിലേറെയായി ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു . എന്നാൽ വിഷയത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. പിന്നീട് ബത്തേരിയിൽനിന്ന് പോലീസെത്തി നാട്ടുകാരും വനംവകുപ്പുമായി ചർച്ച നടത്തി. ചർച്ചയ്ക്കൊടുവിൽ കടുവയെ പിടികൂടാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് തടഞ്ഞുവെക്കൽ അവസാനിപ്പിച്ചത് .

കഴിഞ്ഞ ഡിസംബർ 24-ന് വിറക് ശേഖരിക്കാൻ പോയ വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെ കടുവ കൊന്നുതിന്ന നിലയിൽ ഡിസംബർ 25-ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും നാലാം വയൽ, വള്ളുവാടി, പച്ചാടി വീട്ടിക്കുറ്റി എന്നിവിടങ്ങളിലും കടുവയെ കണ്ടിരുന്നു .

Leave A Reply