സി.പി.എം. ഗ്രാമപ്പഞ്ചായത്ത് അംഗത്തിനെ കുത്തിയ സംഭവം ; മുഖ്യപ്രതി അറസ്റ്റിൽ

സുൽത്താൻബത്തേരി:  സി.പി.എം. ഗ്രാമപ്പഞ്ചായത്തംഗത്തെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ  സി.പി.ഐ.യുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു . ബത്തേരിയിലെ ബാറിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത് .

നെന്മേനി ഗ്രാമപ്പഞ്ചായത്തംഗമായ സാബു കുഴിമാള (50) ത്തെ കുത്തിയ കേസിലാണ് സി.പി.ഐ.യുടെ മലവയൽ ബ്രാഞ്ച് മുൻ സെക്രട്ടറി മുഹമ്മദ് മൊട്ടത്തി (32)നെ അറസ്റ്റ് ചെയ്തത് .

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച മുഹമ്മദ് മൊട്ടത്തിന്റെ സഹോദരന്റെ വിവാഹമായിരുന്നു. ഇതിനായി, വെള്ളിയാഴ്ച രാത്രി 8.30-ഓടെ മുഹമ്മദുംസുഹൃത്തുക്കളും ചേർന്ന് ബത്തേരി ചുങ്കത്തുള്ള വസ്ത്രശാലയിൽ തുണിയെടുക്കാനെത്തി .തുടർന്ന് ഇവിടത്തെ ജീവനക്കാരനും സാബുകുഴിമാളത്തിന്റെ സഹോദരീപുത്രനുമായ സി.എസ്. ഡോണിസണ്ണുമായി വാക്കുതർക്കത്തിലേർപ്പെട്ടു.

ഇതിനിടെ ഡോണിസണ്ണിനെ മുഹമ്മദ് മർദിക്കുകയും ചെയ്തു . സ്ഥാപനത്തിലെ മറ്റുജീവനക്കാരും ഉടമയും ഇടപെട്ട് പ്രശ്‌നംപരിഹരിച്ച ശേഷം മുഹമ്മദിനെയും സുഹൃത്തുക്കളെയും വസ്ത്രശാലയിൽ നിന്നും പറഞ്ഞയച്ചു. മർദനമേറ്റ ഡോണിസൺ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഈ വിവരമറിഞ്ഞ്, സഹോദരീപുത്രനെ മർദിച്ചത് ചോദ്യംചെയ്യാനായി സുഹൃത്തുക്കൾക്കൊപ്പമെത്തിയപ്പോഴാണ് സാബുവിനെ മുഹമ്മദ് കത്തികൊണ്ട് കുത്തിയത് .

ബാറിനുള്ളിൽനിന്ന് മുഹമ്മദിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കാഷ് കൗണ്ടറിന് സമീപത്തു വെച്ച് മുഹമ്മദ് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു . ഇടതുവാരിയെല്ലിന് താഴെയായി ആഴത്തിൽ മുറിവേറ്റ സാബു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . ശസ്ത്രക്രിയയ്‌ക്കുശേഷം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി .

Leave A Reply