നിക്ഷേപക സംഗമത്തില്‍ 99 ഏക്കര്‍ ഭൂമി വ്യവസായ പാര്‍ക്കിന് കൈമാറി

കാസർഗോഡ് :  സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമവും മടിക്കൈ ഗ്രാമ പഞ്ചായത്തിലെ 99 ഏക്കര്‍ റവന്യൂ ഭൂമിയുടെ രേഖ വ്യവസായ പാര്‍ക്കിനായി കൈമാറുന്ന ചടങ്ങും വ്യവസായികള്‍ക്കുള്ള ആനുകുല്യ വിതരണവും വ്യവസായ-വാണിജ്യ, കായിക യുവജനക്ഷേമ വകപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആയിരങ്ങള്‍ അണി നിരന്നു; ആയിരംദിനാഘോഷത്തിന് ജില്ലയില്‍ പ്രൗഡഗംഭീര തുടക്കം

കാസർഗോഡ് : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ പ്രൗഡഗംഭീര തുടക്കം. ഒരാഴ്ചക്കാലം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ച് കാഞ്ഞങ്ങാട് ആയിരങ്ങള്‍ അണി നിരന്ന സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. സമീപകാലത്ത് ജില്ല ദര്‍ശിച്ച ഏറ്റവും ജനപങ്കാളിത്തത്തില്‍ പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് നിന്നും വര്‍ണക്കാഴ്ചകളുമായി ആരംഭിച്ച ഘോഷയാത്ര നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.

നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, വൈസ് ചെയര്‍പേഴ്‌സന്‍ എല്‍.സുലൈഖ, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

നാട്ടുകാര്‍ക് കൗതുകമുണര്‍ത്തി പ്ലോട്ടുകളും, ശിങ്കാരി-ബാന്റ് മേളവും മുത്തുക്കുടകളും ഘോഷയാത്രയെ വര്‍ണാഭമാക്കി.ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പാര്‍ക്കോ അതിയാമ്പൂര്‍ ഒരുക്കിയ പ്ലോട്ട് ജനശ്രദ്ധ ആകര്‍ഷിച്ചു. ആരോഗ്യ ജാഗ്രതയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് ഒരുക്കിയ പ്ലോട്ടും ശ്രദ്ധേയമായി.

കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, മടിക്കൈ എന്നീ പഞ്ചായത്തുകളില്‍ നിന്നും രണ്ടായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിപുലമായ ഘോഷയാത്രയില്‍ അണിനിരന്നത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ്,ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍, വ്യാപാരികള്‍, മഹിളാ കൂട്ടായ്മ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, യുവജനകൂട്ടായ്മകള്‍, ലയണ്‍സ്, റോട്ടറി ക്ലബ് പ്രതിനിധികള്‍, ടാക്‌സി ക്ലബ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ ജല അവാർഡ് സ്വന്തമാക്കി കിനാനൂർ-കരിന്തളം പഞ്ചായത്ത്

നീലേശ്വരം: കേന്ദ്രസർക്കാരിന്റെ ദേശീയ ജല അവാർഡ് കിനാനൂർ കരിന്തളം പഞ്ചായത്തിന് ലഭിച്ചു . ദേശീയതലത്തിൽ 28 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളോട് മത്സരിച്ചാണ് ഈ അപൂർവ നേട്ടം നേടാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞത്.

കേന്ദ്രസർക്കാർ പ്രത്യേകം നിയോഗിച്ച കേന്ദ്രസംഘം പ്രദേശം സന്ദർശിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നു . 25-ന് ഡൽഹിയിൽ പുരസ്കാരം സമ്മാനിക്കും.

കുളം, കിണർ, മറ്റു ജലസ്രോതസ്സുകൾ എന്നിവ നിർമിക്കൽ, ആഴം വർധിപ്പിക്കൽ, പാർശ്വഭിത്തി കെട്ടൽ, മാലിന്യം നീക്കംചെയ്യൽ തുടങ്ങിയ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ നാടെങ്ങും വ്യാപക പ്രതിഷേധം

ചെറുവത്തൂർ: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ നാടെങ്ങും വ്യാപക പ്രതിഷേധം. യു.ഡി.എഫ്. ചെറുവത്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ ലത്തീഫ് നീലഗിരി അധ്യക്ഷതവഹിച്ചു. കെ.വി.സുധാകരൻ, വി.നാരായണൻ, ഡോ. കെ.വി.ശശീധരൻ, പുറായിക്ക് മുഹമ്മദ്, വി.വി.ചന്ദ്രൻ, വി.കൃഷ്ണൻ, കെ.ബാലകൃഷ്ണൻ, ഇ.പി.കുഞ്ഞബ്ദുള്ള, എ.കെ.മാലതി, വി.വി.സുനിത, കെ.പി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ്. പിലിക്കോട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കെ.കുഞ്ഞിക്കൃഷ്ണൻ, നിഷാം പട്ടേൽ, എ.വി.കുഞ്ഞിക്കൃഷ്ണൻ, കെ.റിജേഷ്, രമ രാജൻ, ടി.വി.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി. ഇരുവരുടേയും മൃതദേഹം കാലിക്കടവിലും ചെറുവത്തൂരിലും പൊതുദർശനത്തിന് വെച്ചു.

കൃപേഷിനും  ശരത്തിനും അന്തിമോപചാരമർപ്പിച്ചു നാട്ടുകാർ 

കാഞ്ഞങ്ങാട്: യൂത്തുകോൺഗ്രസ് പ്രവർത്തകരായ കല്ല്യോട്ടെ കൃപേഷും ശരത്തും മരിച്ചെന്നറിഞ്ഞപ്പോൾ മുതൽ കല്ല്യോട്ടുഗ്രാമക്കാർ നെഞ്ചുപൊട്ടി കരയുകയായിരുന്നു. അമ്മമാരും പെൺകുട്ടികളുമെല്ലാം വാവിട്ടുകരയുന്ന കാഴ്ച. അത്രയ്ക്ക് സ്നേഹമായിരുന്നു രണ്ടുപേരോടും നാട്ടുകാർക്ക്. ഞായറാഴ്ച രാത്രി കാസർകോട് ജനറൽ ആസ്പത്രിയിലേക്കുള്ള ഓട്ടമായിരുന്നു. തിങ്കളാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജിലേക്ക്‌ മൃതദേഹം മാറ്റിയെന്നറിഞ്ഞപ്പോൾ കാസർകോട്ടുള്ളവർ പലരും അങ്ങോട്ടേക്ക് കുതിച്ചു. മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് മെഡിക്കൽ കോളേജ് മോർച്ചറിക്ക് പുറത്ത് നൂറുകണക്കിന് കോൺഗ്രസ്-യൂത്തുകോൺഗ്രസ് പ്രവർത്തകർ കാത്തിരുന്നു. മൃതദേഹം വിട്ടു കിട്ടിയപ്പോൾ ഒരുനോക്ക് കാണാനുള്ള തിരക്കായിരുന്നു.

രണ്ട് ആംബുലൻസിലായി മൃതദേഹങ്ങൾ കയറ്റി. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽവീട്, പി.വി.സുരേഷ്, കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ, യൂത്തുകോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ എന്നിവർ ആബുലൻസിൽ കയറി മൃതദേഹത്തെ അനുഗമിച്ചു. ആദ്യം പയ്യന്നൂരിൽ പൊതുദർശനം. വഴിനീളെ കോൺഗ്രസ് പ്രവർത്തകർ നിൽപ്പുണ്ടായിരുന്നു.

നനവാർന്ന കണ്ണുകളോടെ തൊഴുകൈയുമായി നിന്ന ആൾക്കൂട്ടങ്ങൾ കാസർകോട്ടെ പ്രിയകൂട്ടുകാർക്ക് അന്തിമോപചാരമർപ്പിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തെത്തിയപ്പോൾ നൂറുകണക്കിനാളുകൾ കൃപേഷിനെയും ശരത്‌ലാലിനെയും ഒരുനോക്കു കാണാൻ കിഴക്കൻ മലയോരത്തു നിന്നുൾപ്പെടെ ഒഴുകിയെത്തി. നേതാക്കളും പ്രവർത്തകരും മാന്തോപ്പ് മൈതാനത്ത്‌ നിറഞ്ഞപ്പോൾ ആംബുലൻസുകൾ ഒതുക്കിനിർത്താൻ പോലും ബുദ്ധിമുട്ടേണ്ടിവന്നു. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വഴിയിൽ നിലയുറപ്പിച്ച് അന്തിമോപചാരമർപ്പിച്ചു

മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും പൊള്ളയായിരുന്നു – കാനം രാജേന്ദ്രൻ

ചെറുവത്തൂർ: കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിക്കുവാൻ മോദിക്ക് കഴിഞ്ഞുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ വടക്കൻ മേഖലാജാഥയ്ക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫിന് ഇത് മോശം കാലമെന്നും ബി.ജെ.പി.ക്ക് ഇത് നല്ലകാലം എന്നുമാണ് സർവേ നടത്തിയവർ പറയുന്നത്. എന്നാൽ, ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സമീപകാല ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കാനം വ്യക്തമാക്കി . 30 സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 16- ലും എൽ.ഡി.എഫ്. വിജയിച്ചു. 12 സീറ്റ് യു.ഡി.എഫിന് കിട്ടി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. നെറ്റിയിൽ പൊട്ടുതൊടാൻ പോലും ഒരു സീറ്റ് ബി.ജെ.പി.ക്ക് കേരളത്തിൽനിന്ന് പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങി; ചെലവ്‌ കൂടുമെന്നത് പ്രവൃത്തി വൈകിപ്പിച്ചേക്കും

പൊയിനാച്ചി: ഡെൻസ് ബിറ്റുമിൻ മെക്കാഡം സാങ്കേതിക വിദ്യയിൽ 71.86 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധയിൽ നവീകരിക്കുന്ന പൊയിനാച്ചി-ബന്തടുക്ക -മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് വികസനത്തിന് തടസ്സമായ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങി. ശനിയാഴ്ച കരിച്ചേരി ഭാഗത്തുനിന്നാണ് പ്രവൃത്തി തുടങ്ങിയത്. അതേസമയം, പദ്ധതിയുടെ എസ്റ്റിമേറ്റിൽ തൂണുകൾ മാറ്റി സ്ഥാപിക്കാനും പൈപ്പുലൈൻ മാറ്റാനുമുള്ള പ്രവൃത്തിക്ക് ഉൾക്കൊള്ളിച്ച തുക കുറവായത് റോഡ് നവീകരണം നീണ്ടുപോയേക്കുമെന്ന് ആശങ്കയുണ്ടാക്കുന്നു.

ആദ്യഘട്ടത്തിൽ പൊയിനാച്ചി മുതൽ മരുതടുക്കം വരെയുള്ള 129 വൈദ്യുത തൂണുകളും മൂന്ന് ട്രാൻസ്‌ഫോർമറുകളുമാണ്‌ മാറ്റി സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി. ചട്ടഞ്ചാൽ സെക്‌ഷന്റെ പരിധിയിൽവരുന്ന പ്രദേശമാണിവ. റോഡിന്റെ കരാർ ഏറ്റെടുത്ത ഗോവയിലെ അസ്മാസ് കമ്പനിതന്നെയാണ് ഈ പ്രവൃത്തിയുടെയും കരാർ ഏറ്റെടുത്തിട്ടുള്ളത്. ഇതിന് 29,93,701 രൂപ കിഫ്ബിയിൽ നിന്ന് കെ.എസ്.ഇ.ബിക്ക് ലഭ്യമായതിനാലാണ് പണി തുടങ്ങാനായത്.

കുറ്റിക്കോൽ സെക്‌ഷനിൽവരുന്ന മരുതടുക്കം മുതൽ മാണിമൂല അതിർത്തി വരെയുള്ള ഭാഗത്ത് രണ്ടാംഘട്ടമായി 620 തൂണുകളും നാല് ട്രാൻസ്‌ഫോർമറുകളും ആണ് മാറ്റേണ്ടത്. ഇതിന് അധികൃതർ 1,23,42,373 രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഈ പ്രവൃത്തികൾക്കെല്ലാം കൂടി 70 ലക്ഷം രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിൽനിന്നാണ് മരുതടുക്കം വരെയുള്ള പ്രവൃത്തിക്ക് തുക അനുവദിച്ചത്. കൂടുതൽ തുക അനുവദിക്കാൻ ഇനി പ്രത്യേക ഉത്തരവ് വേണം. കൂടാതെ ബീംബുങ്കാൽ മുതൽ കുറ്റിക്കോൽ വരെയുള്ള ഏഴര കിലോമീറ്റർ ഭാഗത്തെ പൈപ്പുലൈനും പൂർണമായി മാറ്റണം. ഇതിന് അഞ്ച് കോടിരൂപ വേറെയും വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

മോദി വീണ്ടും അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടിയുടെ പേരുമാറ്റുമെന്ന് എ.വിജയരാഘവൻ

ഉപ്പള : മോദി വീണ്ടും അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടിയുടെ പേരുമാറ്റി രാമൻകുട്ടിയാക്കുമെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ. ഉപ്പളയിൽ ഇടതുമുന്നണി വടക്കൻ മേഖലാ കേരളസംരക്ഷണയാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറനാടൻ ഭാഷയിലുള്ള വിജയരാഘവന്റെ പരിഹാസശരങ്ങൾ സദസ്സിന് ഹരം പകർന്നു.

‘മോദി ഇപ്പോൾ രാജ്യത്തെ ഇസ്‌ലാമിക ബന്ധമുള്ള സ്ഥലപ്പേരെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. മുഗൾ സരായ് റെയിൽവേ സ്റ്റേഷൻ ദീൻദയാൽ ഉപാധ്യായയുടെ പേരിലാക്കി. ഫൈസാബാദ് അയോധ്യയാക്കി, അഹമ്മദാബാദ് കർണാലാക്കി. മുസ്‌ലിം ബന്ധമുള്ള എന്തുപേരുകണ്ടാലും മോദി മാറ്റിക്കളയും. മനുഷ്യനെ മനുഷ്യനായിട്ടല്ല, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാനാണ് അവർക്കിഷ്ടം. സൂര്യൻ ഉദിക്കുമെന്നത് സത്യമാണെങ്കിൽ മോദി ഭരണം മാറുമെന്നതും സത്യമാണ്. 2004-ൽ ഇടതുപിന്തുണയോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മൻമോഹൻ സിങ്‌ ഭരിച്ചു. ഇടതുപക്ഷം വിട്ടപ്പോൾ സ്വാതന്ത്ര്യം കിട്ടിയെന്നാണ് മൻമോഹൻ പറഞ്ഞത്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് അദ്ദേഹം ബി.ജെ.പി.ക്ക് അധികാരം കൈമാറിയത്.’ -അദ്ദേഹം പരിഹസിച്ചു.

രാജ്യത്തിന്റെ സ്വത്ത് സംരക്ഷിക്കുമെന്ന് പറഞ്ഞു നടന്ന ബി.ജെ.പിയാണ് പൊതുസ്വത്ത് വിറ്റഴിക്കാൻ മന്ത്രിയെ നിയമിച്ചതെന്ന് ഐ.എൻ.എൽ. നേതാവ് അബ്ദുൾ വഹാബ് കുറ്റപ്പെടുത്തി. രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. കോൺഗ്രസ് ഭരിച്ചു ഭരിച്ചാണ് ബി.ജെ.പിയുടെ കൈയിൽ ഭരണമെത്തിയതെന്നും എൻ.സി.പി. നേതാവ് ടി.പി.പീതാംബരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

നീലേശ്വരത്ത് സൗജന്യ ലഹരി ചികിത്സാ കേന്ദ്രം

കാസർകോട്: ലഹരിയിൽനിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് സൗജന്യ കിടത്തിച്ചികിത്സയും കൗൺസലിങ്ങും നൽകാനുള്ള സൗകര്യം നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച 12-ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസി. സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, സോഷ്യൽ വർക്കർ എന്നിവരടക്കം 11 പേരെ കേന്ദ്രത്തിൽ നിയമിച്ചു. ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള അദ്യ ലഹരി ചികിത്സാ കേന്ദ്രമാണിത്.

പത്ത് കിടക്കകളുടെ വാർഡ് നാലരലക്ഷം രൂപ ചെലവിൽ സജ്ജമാക്കുകയായിരുന്നു. മറ്റ് രോഗങ്ങളിൽനിന്ന് വ്യത്യസ്തമായി ലഹരി ചികിത്സയ്ക്ക് വിധേയരാകുന്നവർ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നതുകൊണ്ട് അതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ അറിയിച്ചു. ഡിസംബർ 29-ന് ഇവിടെ തുടങ്ങിയ ഒ.പി. വിഭാഗത്തിൽ 103 പേർ ചികിത്സ തേടിയെത്തിയത് ലഹരിക്കടിപ്പെട്ടവരുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഇതിൽ മൂന്നുപേരെ കിടിത്തിച്ചികിത്സയ്ക്ക് കോഴിക്കോട്ടേക്ക് അയച്ചു. മരുന്നും അനുബന്ധ ഉപകരണങ്ങളും മെഡിക്കൽ കോർപ്പറേഷനാണ് നൽകുന്നത്.

ബിവറേജസ് കോർപ്പറേഷന്റെ വിറ്റുവരവിന്റെ 0.5 ശതമാനം സംസ്ഥാനത്ത് ലഹരി മോചന പരിപാടികൾക്കായി നീക്കിവെയ്ക്കുന്നതുകൊണ്ട് ഇത്തരം പദ്ധതികൾക്ക് ഫണ്ടിന്റെ പ്രശ്നമില്ല. ആയിരം കോടിയോളം രൂപ ഇതിൽ ലഭ്യമാണ്.

കാസർകോട് നഗരസഭാ ബജറ്റ്; സൗരോർജപാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ പദ്ധതി 

കാസർകോട്: നഗരസഭാ കെട്ടിടങ്ങളിലും അധീനതയിലുള്ള സ്ഥലങ്ങളിലും സൗരോർജപാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്‌പാദിപ്പിച്ച് മിച്ചം വരുന്നത് വൈദ്യുതി ബോർഡിന് വിറ്റ് വരുമാനമുണ്ടാക്കുന്ന പദ്ധതി കാസർകോട് നഗരസഭാ ബജറ്റിൽ വൈസ് ചെയർമാൻ എൽ.എ.മഹമൂദ് അവതരിപ്പിച്ചു. നഗരസഭയ്ക്ക് പ്രതിവർഷം വൈദ്യുതിനിരക്ക് ഇനത്തിൽ 1.8 കോടി രൂപ വരുന്നുണ്ടെന്നും ഇത് തനതുഫണ്ടിനെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തുക മിച്ചംപിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. .

നഗരസഭാ കാര്യാലയം, മുനിസിപ്പൽ ടൗൺഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയ കെട്ടിടങ്ങളിലും നഗരസഭയുടെ അധീനതയിലുള്ള കേളുഗുഡ്ഡെ, മാന്യ തുടങ്ങിയ സ്ഥലങ്ങളിലും പാനൽ സ്ഥാപിക്കാനാണ് പദ്ധതി. ഇതിന് കമ്പനി രജിസ്റ്റർചെയ്ത് പ്രവർത്തനം തുടങ്ങുകയാണ്. അനർട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ പരിധിയിലൂള്ള കൂടുതൽ വീടുകളിൽ പാനൽ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.