ആയിരം ദിനാഘോഷം: 27ന് മാരത്തോണ്‍

കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫിബ്രവരി 27ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നഗരത്തില്‍ രാവിലെ ആറ് മണിക്കാണ് മാരത്തോണ്‍ നടക്കുക. സ്ത്രീകള്‍, പുരുഷന്‍മാര്‍, എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ മത്സരം. എല്ലാ വിഭാഗമാളുകളും അണിനിരക്കുന്ന ഫണ്‍ റണ്‍ മാരത്തോണും നടക്കും. മത്സര വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം കാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് 24 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ജില്ലാ സ്പോട്സ് കൗണ്‍സിലിലും രജിസ്റ്റര്‍ ചെയ്യാം. വീ ആര്‍ കണ്ണൂര്‍ പേജ് വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍ വേയുടെ പ്രവൃത്തി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കണ്ണൂർ : കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പൂരക്കടവ് വിയര്‍ കം ട്രാക്ടര്‍വേയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ഇന്ന് വൈകീട്ട് 4.30 ന് ആലക്കാട് പി എച്ച് സിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാകും. പി കരുണാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണൂർ വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ഭീഷണിയായി കാക്കകൾ

മട്ടന്നൂർ: അതീവ സുരക്ഷാമേഖലയായ കണ്ണൂർ വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ഭീഷണിയായി കാക്കകൾ. ടെർമിനൽ കെട്ടിടത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ കയറിയ കാക്കകളുടെ ചിത്രം യാത്രക്കാരാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

നാല്‌ കാക്കകൾ വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും തുരത്താൻ ശ്രമമുണ്ടായില്ലെന്നും ഇത് സുരക്ഷാവീഴ്ചയാണെന്നും യാത്രക്കാർ ആരോപിച്ചു.

വിമാനത്താവള റൺവേയിൽ കുറുക്കൻമാരുടെയും നായ്ക്കളുടെയും ശല്യവുമുണ്ടാകുന്നുണ്ട്. കുറുക്കൻ റൺവേയിൽ കയറിയത് മൂലം പല തവണ വിമാനമിറക്കുന്നതിൽ തടസ്സം നേരിട്ടിരുന്നു.

വിമാനത്താവളപരിസരത്ത് മൃഗങ്ങളുടെയും പക്ഷികളുടെയും സാന്നിധ്യം സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നതിനാൽ വിമാനത്താവള പരിസ്ഥിതി കമ്മിറ്റി പ്രത്യേക ബോധവത്‌കരണ പരിപാടികൾ നടത്താനിരിക്കുകയാണ്. അറവുശാലകളുടെയും മറ്റും പ്രവർത്തനം നിയന്ത്രിക്കലും മാലിന്യം തള്ളുന്നത് തടയലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

അഞ്ചു വർഷത്തെ ഭരണം കൊണ്ട് മോദി സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും എതിരാക്കി; കാനം രാജേന്ദ്രൻ

തലശ്ശേരി: അഞ്ചുവർഷത്തെ ഭരണംകൊണ്ട് നരേന്ദ്രമോദി സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും എതിരാക്കിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്ക് തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയശേഷം കേരളപുരോഗതിക്കായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചെങ്കിലും അതൊന്നും അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ല. 2004-ന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ബി.ജെ.പി.ക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.

പാർലമെന്റിൽ ഇടതുപക്ഷ സ്വാധീനം വർധിപ്പിക്കണം. എൽ.ഡി.എഫ്. ശക്തിപ്പെടുത്താനാവശ്യമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കണം. ശബരിമല തിരുപ്പതി മാതൃകയിൽ തീർഥാടന കോംപ്ലക്സാക്കി മാറ്റാൻ സർക്കാർ വൻതുക നീക്കിവെച്ചതായി അദ്ദേഹം പറഞ്ഞു.

റേഷൻ കാർഡ് വിതരണം

കണ്ണൂർ : പുതിയ റേഷൻ കാർഡിനായി പഞ്ചായത്ത്/മുനിസിപ്പൽ/സോണൽ ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡുകൾ വിതരണം ചെയ്യും. അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണ്. അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല. തീയ്യതി, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, ടോക്കൺ നമ്പർ എന്ന ക്രമത്തിൽ. ഫെബ്രുവരി 20 – കണ്ണൂർ – 203325 മുതൽ 3469 വരെ. 21 – ചെറുതാഴം – 2895 മുതൽ 3106 വരെ. 23 – നാറാത്ത് – 3107 മുതൽ 3324 വരെ. 25 – മാട്ടൂൽ – 3470 മുതൽ 3698 വരെ.

റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിന് വേണ്ടി കടമ്പൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് പുതിയ റേഷൻ കാർഡുകൾ ഫെബ്രുവരി 19ന് വിതരണം ചെയ്യുന്നതാണ്. ടോക്കൺ നമ്പർ 2653 മുതൽ 2832 വരെയുളള അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ച ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡുകുളും കാർഡുകളുടെ വിലയും സഹിതം ഇന്ന് 4 മണിക്ക് ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണ്. അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചു.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനമുറിയൊരുക്കാന്‍ രണ്ട് ലക്ഷം വീതം: മന്ത്രി എ കെ ബാലന്‍

കണ്ണൂർ : വീടുകളില്‍ പഠന സൗകര്യമില്ലാത്ത പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പഠനമുറിയൊരുക്കാന്‍ രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം സാമൂഹികമായി മുന്നോട്ട് നയിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് വിദ്യാഭ്യാസ പുരോഗതി അനിവാര്യമാണ്. നിലവില്‍ ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ പഠനസൗകര്യമില്ല. ഇത് പരിഹരിക്കുന്നതിനായാണ് ഓരോ പട്ടികജാതി വിഭാഗങ്ങളിലെ വീടുകളിലും വിദ്യാര്‍ഥികള്‍ക്കായി പഠനമുറി ഒരുക്കുന്നത്. ആദ്യഘട്ടം 120 ചതുരശ്ര അടിയില്‍ 10,000 മുറികള്‍ നിര്‍മ്മിക്കും. അതോടൊപ്പം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോളനി അടിസ്ഥാനത്തില്‍ സാമൂഹ്യ പഠനമുറി ഒരുക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് നൈപുണ്യ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കിയതു വഴി സര്‍ക്കാര്‍ 250 ഉദ്യോഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തി നല്‍കാനായി. ആയിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി തൊഴില്‍ ദാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്‍ കല്‍പറ്റ സ്വദേശി വസന്തകുമാറിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതേക്കുറിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 55 വര്‍ഷമായി താണയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഏറെ പേര്‍ക്ക് ആശ്രയമാണ്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 40 പേര്‍ക്ക് താമസിക്കാനാകും. മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിക്കുക. 12 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ചടങ്ങില്‍ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെഎസ്‌സിസി റീജിയണല്‍ മാനേജര്‍ ജി ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, സി സീനത്ത്, ഇ ഗംഗാധരന്‍, കെ ജെ മൈക്കിള്‍, കെ കെ ഷാജു എന്നിവര്‍ സംസാരിച്ചു.

ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം

ക​ണ്ണൂ​ർ: ക​ശു​വ​ണ്ടി​യു​ടെ​യും കു​രു​മു​ള​കി​ന്‍റെ​യും ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​ച്ച് ക​ർ​ഷ​ക​രി​ൽനി​ന്ന് ഇ​വ സം​ഭ​രി​ച്ച് വി​ല നി​ല​വാ​രം പി​ടി​ച്ചു നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈക്കൊള്ളണമെന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ കമ്മിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൂടാതെ ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ചടങ്ങിൽ ​ പ്ര​സി​ഡ​ന്‍റ് കെ.​കു​ഞ്ഞി മാ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 19ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് മാ​റ്റി​വ​ച്ചു.

തില്ലങ്കേരിയിൽ ഒരു മാസത്തിനിടയിൽ 10 കുരങ്ങുകൾ ചത്തു; പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ഈയ്യമ്പോട്ട് മേഖലയിൽ കുരങ്ങുകൾ കൂട്ടമായി ചാകുന്നു. ഒരു മാസത്തിനിടയിൽ പ്രദേശത്ത് പത്തോളം കുരങ്ങുകളാണ് ചത്തത്. ഇതോടെ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മേഖലയിൽ പരിശോധന നടത്തി. കുരങ്ങുപനിയാണെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ജില്ലാ പ്രാണിജന്യ രോഗനിയന്ത്രണ യൂണിറ്റിലെ എന്റമോളജിസ്റ്റ് കൺസൾട്ടന്റ് പി.സൂര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത കുരങ്ങിന്റെ ആന്തരാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം വന്നിട്ടില്ല. വീണ്ടും കുരങ്ങുകൾ ചത്തതോടെയാണ് പരിശോധന നടത്തിയത്. അടുത്തിടെ വയനാട്ടിലും കർണാടകത്തിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയോട് അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. എന്നാൽ, പ്രദേശത്ത് ആർക്കും ഇതുവരെ പനിയോ മറ്റു രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കുരങ്ങുപനി ആകാനുള്ള സാധ്യത വിരളമാണെന്നാണ് ആരോഗ്യവകുപ്പധികൃതരും പറയുന്നത്. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കാൻ ആരെങ്കിലും വിഷമോ മറ്റോ ഉപയോഗിച്ചതാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഷുക്കൂർ വധക്കേസ്: പി.ജയരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ പിണറായി തയ്യാറാകുമോ; രമേശ് ചെന്നിത്തല

മട്ടന്നൂർ: ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കൊലക്കുറ്റം ചുമത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എം.എൽ.എ.യെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി തയ്യാറാകുമോ? എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മട്ടന്നൂർ ഷുഹൈബ് അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന് നവോത്ഥാനത്തെപ്പറ്റി പറയാൻ അവകാശമില്ല. ബംഗാളിൽ മമതാ ബാനർജിക്കെതിരെ സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നീക്കം നടത്തിയപ്പോൾ എല്ലാ പ്രതിപക്ഷകക്ഷികളും മമതയെ പിന്തുണച്ചു. എന്നാൽ അപ്പോൾ സി.ബി.ഐയുടെ പക്ഷത്തായിരുന്ന സി.പി.എം. പി.ജയരാജൻ പ്രതിയായപ്പോൾ അവരെ എതിർക്കുകയാണ്. ഷുക്കൂർവധം സഭയിൽ ഉന്നയിക്കാൻപോലും പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്ന് ചെന്നിത്തല ആരോപിച്ചു.

പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം 27 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കേസിൽപ്പെട്ട നേതാക്കളെ രക്ഷിക്കാൻ വല്ലാത്ത വ്യഗ്രതയാണ് സർക്കാർ കാണിക്കുന്നത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് എല്ലാ ദിവസവും പരോളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാത്രം സ്വാധീനമുള്ള സി.പി.എമ്മിന് മോദിയെ താഴെയിറക്കാൻ കഴിയുമെന്ന് ആരും വിശ്വസിക്കില്ല. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും ചെന്നിത്തല പറഞ്ഞു.