മിന്നൽ ഹർത്താൽ: എല്ലാ കേസിലും ഡീനെ പ്രതിചേര്‍ക്കണം; കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രതി ചേർത്തു. ഇതോടെ, ഹർത്താലുമായി ബന്ധപ്പെട്ട 20 കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീൻ കുര്യാക്കോസ് പ്രതിയാകും. യൂത്ത് കോൺഗ്രസ് ഹർത്താലുമായി ബന്ധപ്പെട്ട് 577 പേർക്കെതിരെ കേസെടുത്തതായി സർക്കാർ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മിന്നൽ ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.

ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെരിയ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിൽ റജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം പ്രേരണാക്കുറ്റം ചുമത്തി ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ കൂട്ടുപ്രതികളാക്കണമെന്ന് കോടതി നിർദേശിച്ചു.

കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസും യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. യൂത്ത് കോൺഗ്രസ് ഹർത്താലിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായും 577 പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ആറിലേക്ക് മാറ്റി.

 

പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെ ഒഴിപ്പിച്ചു

മലപ്പുറം:  ജനറേറ്ററുകള്‍ പൊട്ടിത്തെറിച്ച് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രി മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള ജനറേറ്റര്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രഥമിക നിഗമനം. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വന്‍അപകടം ഒഴിവാക്കി.

രാവിലെ പത്തേമുക്കാലോടെയാണ് മൂന്ന് ജനറേറ്ററുകൾ പൊട്ടിത്തെറിച്ചത്. തുടർന്ന് സമീപത്തെ ബ്ലോക്കുകളിലേക്ക് തീ പടർന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലിസും  ആശുപത്രി അധികൃതരും ഒറ്റക്കെട്ടായി നിന്നു രക്ഷാപ്രവർത്തനം നടത്തി. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി 8 ഫയർഫോഴ്സ് യൂണിറ്റുകളാണ് എത്തിയത്. കൂട്ടായ രക്ഷാ പ്രവർത്തനം തീ രോഗികളുടെ ബ്ലോക്കിലേക്ക് പടരുന്നത് തടഞ്ഞു. പുക പൊന്തിയതോടെ രോഗികളെ മുഴുവൻ മറ്റാശുപത്രികളിലേക്ക് മാറ്റി.

പീതാംബരന്റെ കുടുംബത്തെ വീട്ടിൽ പോയതായി കുഞ്ഞിരാമൻ സമ്മതിച്ചു

കാസര്‍ഗോഡ്‌:  പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം പുറത്താക്കിയ എ. പീതാംബരന്റെ കുടുംബത്തെ വീട്ടിൽ പോയതായി മുൻ എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ സ്ഥിരീകരിച്ചു. ‘തെറ്റു ചെയ്തതു പീതാംബരനാണ്. പിതാംബരനെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പീതാംബരനെ ചോദ്യം ചെയ്യുന്നിടത്തേക്കല്ല പോയത്, സംഭവത്തിനു ശേഷം ഭീകരമായി ആക്രമിക്കപ്പെട്ട അയാളുടെ വീട്ടിലേക്കാണ്.  വീട് കോൺഗ്രസ് പ്രവർത്തകർ പൂർണമായി അടിച്ചു തകർത്തു. പ്രായമായ രോഗിയായ അമ്മയെ ചവിട്ടി മൂലയ്ക്കു തള്ളി. 9ാം ക്ലാസ് വിദ്യാർഥിയായ മകളെ ഭീഷണിപ്പെടുത്തി. ഇതറിഞ്ഞാണ് ആ വീട്ടിൽ പോയത്. തകർക്കപ്പെട്ട ഒരു വീട് സന്ദർശിക്കുക എന്നതു ജനപ്രതിനിധിയുടെ കടമയായി കണ്ടാണു പോയത്. ഇതിനപ്പുറത്തേക്കു പ്രാധാന്യം നൽകേണ്ടതില്ല’ – കുഞ്ഞിരാമൻ പറഞ്ഞു.

അതേസമയം, പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കില്ല. ഇക്കാര്യം സി പി എം പ്രാദേശിക നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രി വീടുകൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് സി പി എം ജില്ലാ നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു.

മിന്നൽ ഹർത്താൽ: ഇടക്കാല ഉത്തരവിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ്

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ ഹാജരായി. ഡീൻ കുര്യാക്കോസിനൊപ്പം യു.ഡി.എഫ് കാസർകോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും കോടതിയിൽ ഹാജരായി.
യൂത്ത് കോൺഗ്രസ് ഹർത്താലിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായും 577 പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം ആറിലേക്ക് മാറ്റി

അതേസമയം, മിന്നൽ ഹർത്താലുകൾക്ക് എതിരായ കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് ഡീൻ കുര്യാക്കോസിന് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഡീനിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഡീൻ കുര്യാക്കോസും ഒരു അഭിഭാഷകനല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമ ബിരുദധാരിയാണെങ്കിലും രാഷ്ട്രീയം പ്രവർത്തനമേഖലയായതു കൊണ്ട് പ്രാക്ടീസ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് ഇതിന് മറുപടിയായി ഡീനിന്‍റെ അഭിഭാഷകൻ നൽകിയത്.

തുടർന്ന്, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മൂന്നുപേർക്കും നിർദ്ദേശം നൽകി. അഞ്ചാം തിയതിക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. അന്ന് കേസ് പരിഗണിക്കുമ്പോൾ മൂന്നുപേരും വീണ്ടും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇ​തി​നൊ​പ്പം, ഹ​ർ​ത്താ​ലി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​മെ​ന്നും ഈ ​ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം; സിപിഐഎം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണ ചുമതല ശ്രീജിത്തിനാണ്: മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഐഎം പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാനാണ് ഐജി ശ്രീജിത്തിനെ ഇരട്ടകൊലപാതക കേസിന്റെ ചുമതല ഏല്‍പിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന നാണംകെട്ട ഐപിഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്.

സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലാകുമ്പോള്‍ കേസെല്ലാം ശ്രീജിത്തിനെ ഏല്‍പിക്കുന്നു. ടിപി കേസിലും വരാപ്പുഴ കേസിലും കൃത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും മുല്ലപ്പള്ളി ആരോപിച്ചു.ഐജി ശ്രീജിത്തിനെ കേസിന്റെ ചുമതല ഏല്‍പിച്ച് കേസ് അട്ടിമറിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെവിന്‍ കേസില്‍ നടപടി നേരിട്ട എസ്പിയാണ് മുഹമ്മദ് റഫീഖ്. അദ്ദേഹത്തെ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെയും മുല്ലപ്പളളി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇരട്ടക്കൊലക്കേസിലെ പ്രതി പീതാംബരനു സിപിഎം നിയമ സഹായം നൽകില്ലെന്നു കോടിയേരി

പത്തനംതിട്ട:  കാസർകോട് ഇരട്ടക്കൊലക്കേസിലെ പ്രതി പീതാംബരനു സിപിഎം നിയമ സഹായം നൽകില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിതാംബരന്റെ കുടുംബത്തെ ആരെങ്കിലും സഹായിക്കാൻ സമീപിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയുണ്ടെങ്കിൽ അതു വ്യക്തിപരമായ സഹായം മാത്രമായിരിക്കും. ഇരട്ടക്കൊലക്കേസിൽ പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. പാർട്ടിയുടെ എംഎൽഎ അടക്കം കൊലപാതകത്തിൽ പങ്കെടുത്തതിനു തെളിവുണ്ടെങ്കിൽ അത് അന്വേഷണ ഏജൻസിയെ ഏൽപിക്കണം. തെളിവു മാധ്യമങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല. കേസ് സിബിഐയെ ഏൽപിക്കണമെന്ന് ആവശ്യമുള്ളവർ പറയേണ്ട സ്ഥലത്തു പറയട്ടെ. സർക്കാരിനു ചാടിക്കയറി സിബിഐയെ വിളിക്കാൻ കഴിയില്ല. പാർട്ടിയുടെ തീരുമാന പ്രകാരമല്ല പീതാംബരൻ പ്രവർത്തിച്ചത് എന്നതിനാലാണു പുറത്താക്കിയത്. കൊലപാതകത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നു ബോധ്യപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടിയന്തരമായി സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. കൊലപാതകം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർഥ പ്രതികളെ തിരിച്ചറിയുന്നതിനോ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനോ ഗൂഡലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഇരട്ട കൊലപാതകം: അന്വേഷണം സിബിഐയെ ഏൽപിക്കാൻ സർക്കാരിനാകില്ലെന്ന് കാനം രാജേന്ദ്രൻ

മുക്കം:  പെരിയ കൊലപാതകങ്ങളുടെ അന്വേഷണം കേരള പൊലീസിനെ ഒഴിവാക്കി സിബിഐയെ ഏൽപിക്കാൻ സർക്കാരിനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പൊലീസിന്റെ പ്രവർത്തനം മികച്ചതാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സിബിഐ വരണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെടുന്നുണ്ടാകാം. എന്നാൽ സർക്കാരിന് അങ്ങനെ തീരുമാനമെടുക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ലോക് സഭ തിരഞ്ഞെടുപ്പ്: ‘ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിന് വോട്ട്’ പ്രചാരണ മുദ്രാവാക്യമാകും

തിരുവനന്തപുരം:  ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ടു ചെയ്യൂ എന്ന മുദ്രാവാക്യം ഉയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണം നടത്താൻ കെപിസിസി പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി അംഗങ്ങൾക്കായി സംസ്ഥാനതല ശിൽപശാല നടത്തും. ലോക്സഭാ, നിയമസഭാ മണ്ഡല സമിതികളും രൂപീകരിക്കും. എഐസിസി നിർദേശ പ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്നലെ ചേർന്നത്.

പരമ്പരാഗത മാധ്യമങ്ങളോടൊപ്പം സമൂഹ മാധ്യമങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ചെയർമാൻ വി.എസ്. ശിവകുമാർ എംഎൽഎ അറിയിച്ചു. മോദി,പിണറായി സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ശക്തമായ പ്രചാരണം നടത്തും. യുവജനങ്ങൾ, വിദ്യാർഥികൾ, മഹിളാ സംഘടനകൾ,സാമൂഹിക സംഘടനകൾ തുടങ്ങിയവരുമായി ചർച്ച നടത്തുകയും അവരുടെ വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫാൽ ഇടപാടു നടത്തിയതു മോദിയാണ്. മതേതര ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർത്തു.

വിലക്കയറ്റം,പെട്രോൾ വില വർധന, തൊഴിലില്ലായ്‌മ, ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ തകർച്ച, കാർഷികമേഖലയുടെ തകർച്ച, കർഷക ആത്മഹത്യ തുടങ്ങിയവയാണു മോദി ഭരണത്തിന്റെ മുഖമുദ്രകൾ. നോട്ട് നിരോധനം,അശാസ്‌ത്രീയ ജിഎസ്‌ടി തുടങ്ങിയവ മോദി നിർമിത ദുരന്തങ്ങളാണ്. പിണറായി അധികാരമേറ്റ ശേഷം കേരളത്തിൽ 29 രാഷ്‌ട്രീയ കൊലപാതകങ്ങളാണു നടന്നത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വന്തമായി ഒരു നേട്ടംപോലും 1000 ദിവസത്തിനുള്ളിൽ ചൂണ്ടിക്കാണിക്കാനില്ല.

 

യുഡിഎഫ് സീറ്റ് വിഭജന ചർച്ച 26നു കൊച്ചിയിൽ നടത്തുമെന്ന് ബെന്നി ബഹനാൻ

കൊച്ചി:  യുഡിഎഫ് സീറ്റ് വിഭജന ചർച്ച 26നു കൊച്ചിയിൽ നടത്തുമെന്ന് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു. നേരത്തെ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. സീറ്റ് വിഭജന ചർച്ചകളിൽ ആശങ്കയില്ല. പരാതികൾക്ക് ഇട നൽകാതെ ചർച്ചകൾ പൂർത്തിയാക്കും. കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതു ഹൈക്കമാൻഡ് ആണ്. നിലവിൽ പാർട്ടിക്കുള്ളിലോ മുന്നണിയിലോ തർക്കങ്ങൾ ഇല്ല. കെ.എം. മാണിയുമായും പി.ജെ. ജോസഫുമായും പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നും ബെന്നി ബഹനാൻ പ‍റഞ്ഞു. മുന്നണിയിൽ സ്ഥിതി സൗഹാർദപരമാണ്. അതിനാൽ നേതാക്കൾക്ക് ആർക്കും ആരുമായും എപ്പോൾ വേണമെങ്കിലും ചർച്ച നടത്താം. അദ്ദേഹം പറഞ്ഞു.