Your Image Description Your Image Description
Your Image Alt Text
വയനാട്: ആര്ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു സര്ക്കാരിനു ശിപാര്ശ ചെയ്യുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സ്ത്രീധനം സാമൂഹ്യ വിപത്ത്, നവ മാധ്യമങ്ങളും സ്ത്രീകളും എന്നീ വിഷയങ്ങള് സംബന്ധിച്ച് ബത്തേരി നഗരസഭ ഹാളില് നടത്തിയ സംസ്ഥാനതല സെമിനാര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില് വിവാഹ നടത്തിപ്പിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമുള്ള ധാരണകളില് മാറ്റം വരണം. ആര്ഭാടപരമായി നടത്തുന്ന വിവാഹങ്ങള്ക്ക് നിയന്ത്രണമുണ്ടാകണം. ഇതിന് നിയമപരമായ മാറ്റങ്ങള് ഉണ്ടാവണം. സമൂഹത്തില് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ വെളിച്ചത്തില് സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അധികൃതരുടെ ഒരു യോഗം ജനുവരിയില് നടത്തും.
യോഗത്തിലെ ചര്ച്ചയുടെ അടിസ്ഥാനത്തില് ലഭിക്കുന്ന നിര്ദേശങ്ങള് കൂടി ഉള്പ്പെടുത്തി ആര്ഭാട വിവാഹങ്ങള്ക്ക് ആര്ഭാട നികുതി ഏര്പ്പെടുത്താന് സര്ക്കാരിന് ശിപാര്ശ ചെയ്യുമെന്നും കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി. ചര്ച്ചയില് നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. ഒരാളുടെ വരുമാനത്തിന്റെ തോത് അനുസരിച്ചായിരിക്കണം വിവാഹ ചടങ്ങുകള് നടത്തേണ്ടത്. അതില് കൂടുതലായുള്ള ചെലവുകള് വഹിക്കുമ്പോള് നികുതി ഏര്പ്പെടുത്തണം. അങ്ങനെ വരുമ്പോള് ചെലവ് ചുരുക്കാന് നിര്ബന്ധിതരാകുമെന്നും കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സ്ത്രീധനത്തിനെതിരെ പുതിയ തലമുറയ്ക്ക് നല്ല രീതിയില് ബോധവല്ക്കരണം നല്കേണ്ടതുണ്ട്. സ്ത്രീധനം പൂര്ണമായി ഇല്ലായ്മ ചെയ്യുന്നതിന് ആര്ജവമുള്ള മനസിന്റെ ഉടമകളായി അവര് മാറണം. ആര്ഭാട വിവാഹങ്ങള്ക്ക് എതിരെയും പുതിയതലമുറ സന്നദ്ധതയോടുകൂടി രംഗത്ത് വരണം. സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചെയ്തതുകൊണ്ടോ, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് സത്യവാങ്മൂലത്തില് ഒപ്പിട്ടതുകൊണ്ടോ കാര്യമില്ല. സമൂഹത്തില് നിന്നും ഇത് പൂര്ണമായും തുടച്ചു മാറ്റേണ്ടതുണ്ട്. കച്ചവട വ്യവസ്ഥകള് പോലെയാണ് വിവാഹം ഉറപ്പിക്കുന്നത്. വിവാഹ സമയത്ത് പാരിതോഷികങ്ങള് എന്ന പേരില് സ്വത്തുക്കള് കൈമാറ്റം ചെയ്യപ്പെടുന്നതും ശരിയായ പ്രവണതയല്ലെന്നും കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തിനെ ഇല്ലായ്മ ചെയ്യുന്നതിന് ഓരോ പ്രദേശത്തും ശക്തമായ ബോധവല്ക്കരണ പ്രവര്ത്തനങ്ങള് നടത്തുന്നതിനാണ് ഇത്തരം സെമിനാറുകള് നടത്തുന്നത്. ബോധവല്ക്കരണ ചര്ച്ചകളിലും ക്ലാസുകളിലും സ്ത്രീകളുടേത് എന്നതുപോലെ പുരുഷന്മാരുടെ പങ്കാളിത്തവും ഉറപ്പാക്കണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സുല്ത്താന് ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന് മെമ്പര്മാരായ അഡ്വ.പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്, നഗരസഭാ ഡെപ്യുട്ടി ചെയര്പേഴ്‌സണ് എല്സി പൗലോസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സണ് ഇന് ചാര്ജ് സാലി പൗലോസ്, സിഡിഎസ് ചെയര്പേഴ്‌സണ് സുപ്രിയ അനില്കുമാര്, എന്നിവര് പങ്കെടുത്തു. സ്ത്രീധനം സാമൂഹ്യ വിപത്ത് എന്ന വിഷയം അഡ്വ. പി.എം. ആതിരയും നവമാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയം സൈബര് ക്രൈം എഎസ്‌ഐ ജോയ്‌സ് ജോണും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *