കഴിഞ്ഞ തവണ നാടൻ തോട്ടണ്ടി സംഭരണം പാളി,ഇത്തവണയെങ്കിലും നടക്കുമെന്നുള്ള ആശങ്കയിൽ കർഷകർ

കൊല്ലം: തോട്ടണ്ടി ഇല്ലാതെ കശുവണ്ടി ഫാക്ടറികൾ പൂട്ടിക്കിടക്കുമ്പോൾ നാടൻ തോട്ടണ്ടി സംഭരിക്കാനുള്ള സർക്കാർ നീക്കം പാളുന്നു . കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കഴിഞ്ഞവർഷം സംഭരിക്കാനുള്ള പദ്ധതി പാളിയതോടെ കർഷകർ ഈ വർഷവും ആശങ്കയിലാണ്. ഇറക്കുമതി തോട്ടണ്ടിയെക്കാൾ ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്ന നാടൻ തോട്ടണ്ടി സംഭരണം അട്ടിമറിച്ചത് സ്വകാര്യമുതലാളിമാരുമായുള്ള ഒത്തുകളിയാണെന്നാണ് കർഷകരുടെ ആരോപണം.
കഴിഞ്ഞ ഫെബ്രുവരിയിൽ കാഷ്യു കോർപ്പറേഷനും കാപ്പക്സും കണ്ണൂർ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സഹ. സംഘങ്ങൾ വഴി കർഷകർക്ക് ന്യായവില നൽകി തോട്ടണ്ടി സംഭരിക്കാനായിരുന്നു തീരുമാനം. ഇതിനായി കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു. കർഷകപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തോട്ടണ്ടി ആര്, ഏത് രീതിയിൽ സംഭരിക്കണം, എന്ത് വില നൽകണം തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. ഇതിനിടെ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന കർഷകരിൽ നിന്ന് കിലോഗ്രാമിന് 150 രൂപ നൽകാമെന്ന് പറഞ്ഞ് മഗലാപുരത്ത് നിന്നുള്ള സ്വകാര്യ മുതലാളിമാരുടെ ഏജന്റുമാർ തോട്ടണ്ടി സംഭരിച്ചു. അതോടെ സർക്കാർ നീക്കം പാളി. സർക്കാർ പിന്മാറിയതോടെ സ്വകാര്യ മുതലാളിമാർ വിലയും കുറച്ചു. ഈ വർഷവും ഇതാവർത്തിക്കുമോ എന്നാണ് കർഷകർ ഉറ്റുനോക്കുന്നത്.
കശുമാവ് കർഷകരെ സർക്കാർ സഹായിക്കുന്നില്ലന്നു കർഷകരുടെ ഇടയിൽ തന്നെ ആരോപണമുണ്ട്.
റബർ വില ഉയർന്നപ്പോൾ കശുമാവിൻ തോട്ടങ്ങൾ റബറിന് വഴി മാറിയിരുന്നു. എന്നാൽ റബറിന് വിലയിടിഞ്ഞതോടെ കർഷകർ കശുമാവ് കൃഷിയിലേക്ക് മടങ്ങുകയാണ് ചെയ്തത് . ഇതിന് സർക്കാർ പ്രോത്സാഹനം നൽകുന്നില്ലെന്നും ഗുണമേന്മയിലും വലിപ്പത്തിലും മുന്നിൽ നിൽക്കുന്ന നാടൻ തോട്ടണ്ടി സംഭരിക്കാൻ ഇക്കുറിയെങ്കിലും സർക്കാർ മുൻകൈയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞവർഷം നാടൻ തോട്ടണ്ടി സംഭരിക്കുന്നതിൽ വീഴ്ചയുണ്ടായി. എന്നാൽ കഴിഞ്ഞവർഷം സർക്കാർ ഫാമുകളിൽ നിന്ന് തോട്ടണ്ടി സംഭരിച്ചിരുന്നു. ആറളം ഫാമിൽ നിന്ന് 400 മെട്രിക് ടൺ, പ്ളാന്റേഷൻ കോർപ്പറേഷനിൽ നിന്ന് 420 മെട്രിക് ടൺ, കാസർകോട് സർക്കാർ ഫാമിൽ നിന്ന് 30 മെട്രിക് ടണ്ണും വാങ്ങിയിരുന്നു .ഇതുകൊണ്ടൊന്നും കർഷകരെ രക്ഷിക്കാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here