ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ ചികിത്സ കിട്ടാൻ വൈകുന്നതായി പരാതി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പ്രദേശവാസികൾക്ക് ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ ചികിത്സ കിട്ടാൻ വൈകുന്നതായി പരാതി. മതിയായ ആശുപത്രിസൗകര്യമില്ലാത്ത പ്രദേശത്ത് ആംബുലൻസിന്റെ സേവനവുംകൂടി ലഭിക്കാതായതോടെ പ്രദേശവാസികൾ ആകെ ദുരിതത്തിലായിരിക്കുകയാണ്.

രാത്രിയിലാണ് ഏറെയും ദുരിതം. പ്രായമായവർക്കോ കൊച്ചുകുട്ടികൾക്കോ രോഗം പിടിപെട്ടാൽ പ്രാഥമിക ചികിത്സ ലഭ്യമാക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി വേണം പോകാൻ. പൂനലൂർ, കടയ്ക്കൽ താലൂക്ക് ആശുപത്രികളെയും അഞ്ചലിലെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്ന നാട്ടുകാർക്കാണ് മാസങ്ങളായി ആംബുലൻസ് സേവനവും ലഭിക്കാത്തത്.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്നതിനാവശ്യമായ മോർച്ചറിയോ മറ്റ് സംവിധാനങ്ങളോ പ്രദേശത്തില്ല. അതിനാൽത്തന്നെ ഒരു മൊബൈൽ മോർച്ചറി സംവിധാനത്തോടുകൂടിയ ആംബുലൻസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മന്ത്രി കെ.രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച്‌ വാങ്ങിയ ആംബുലൻസ് ഇപ്പോൾ ഉപയോഗശൂന്യമായതിനാൽ ഉപേക്ഷിച്ചനിലയിലാണ്.

Leave A Reply