അസൗകര്യങ്ങളുടെ നടുവിൽ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ

കുളത്തൂപ്പുഴ : അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ. ജീവനക്കാർക്ക് താമസിക്കുന്നതിനോ വസ്ത്രംമാറുന്നതിനുപോലുമോ ഇവിടെ ആവശ്യത്തിനുള്ള സൗകര്യമില്ല. ആദിവാസി, തോട്ടം മേഖലകളുള്ളതും വനത്താൽ ചുറ്റപ്പെട്ടതുമായ പ്രദേശമാണ് പോലീസ് സ്റ്റേഷൻ പരിധിയിലേറെയും. പോലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടാകരുതെന്നാണ് ചട്ടം.

പക്ഷേ അസൗകര്യങ്ങൾമൂലം ഇവിടെ ജോലി ചെയ്യാൻ ആരും താല്പര്യപ്പെടുന്നില്ല. ഇവിടേക്ക് മാറ്റം കിട്ടി എത്തുന്നവർ അവധിയിൽ പ്രവേശിക്കുകയോ മറ്റെവിടേക്കെങ്കിലും മാറ്റം സംഘടിപ്പിക്കുകയോ ആണ് ചെയ്യുന്നത്.

രണ്ട് എ.എസ്.ഐ.മാർ ഉൾപ്പെടെ നിരവധിപേരുടെ കുറവുണ്ട്. വനിതാ പോലീസുകാരുടെ കാര്യമാണ് ഏറെ കഷ്ടം. വിശ്രമിക്കുന്നതിനോ വസ്ത്രം മാറ്റുന്നതിനോ സൗകര്യമില്ല.

വനിതാ കുറ്റവാളികളെ പാർപ്പിക്കുന്ന മുറിയാണിവരുടെ ആശ്രയം. മുൻപ്‌ സ്റ്റേഷൻ താത്കാലികമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നത്. രണ്ടേക്കറിലധികം ഭൂമി ആഭ്യന്തരവകുപ്പിന്റെ ആധീനതയിൽ ടിമ്പർ ഡിപ്പോയ്ക്കടുത്തായുണ്ട്. ഇതിലുണ്ടായിരുന്ന ക്വാർട്ടേഴ്സ്‌ കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചു മാറ്റി.

Leave A Reply