കേരളത്തില്‍ ഒരു വർഷത്തിനിടെ ചരിഞ്ഞത് 133 ആനകള്‍

തൃശ്ശൂര്‍:  സംസ്ഥാനത്ത് ഒരുവർഷത്തിനിടെ ചരിഞ്ഞത് 133 ആനകള്‍. 34 നാട്ടാനകളും 99 കാട്ടാനകളുമാണ് ചരിഞ്ഞത് . കാട്ടാനകളില്‍ 20 കൊമ്പനും 68 പിടിയാനകളും 11 മോഴയാനകളും ചരിഞ്ഞതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇവയില്‍ ഏറ്റവും കൂടുതൽ വയനാട് ജില്ലയിലാണ് – 32. ഇടുക്കി -10, കോട്ടയം -ഒമ്പത്, കൊല്ലം -രണ്ട്, തിരുവനന്തപുരം – എട്ട്, പത്തനംതിട്ട – മൂന്ന്, എറണാകുളം -ഏഴ്, തൃശ്ശൂര്‍ -നാല്, പാലക്കാട് -എട്ട്, മലപ്പുറം – ഒമ്പത്, കോഴിക്കോട് -രണ്ട്, കണ്ണൂര്‍ – അഞ്ച് എന്നിങ്ങനെയാണ് കണക്കുകൾ . ഷോക്കേറ്റും തീവണ്ടി തട്ടിയും പരിക്കേറ്റുമുള്‍പ്പെടെയാണ് ആനകൾ കൂടുതലും ചരിഞ്ഞിരിക്കുന്നത് .

34 നാട്ടാനകളില്‍ 25 കൊമ്പന്‍, രണ്ട് മോഴ, ഏഴ് പിടി എന്നിങ്ങനെയാണ് കണക്ക് . എരണ്ടക്കെട്ടടക്കമുള്ള അസുഖങ്ങളും പരിക്കുകളുമാണ് മരണകാരണം .

കാട്ടാനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ദേശീയ ആന സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് 2010-ല്‍ മഹേഷ് രംഗരാജന്‍ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് യാഥാര്‍ഥ്യമായിട്ടില്ല.

Leave A Reply