‘ഇത് ആലത്തൂരിന്‍റെ വാഹനം’; യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ അഭിമാനം: കാര്‍ വിവാദത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്

ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പണപ്പിരിവ് വിവാദമായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെൻറ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണപ്പിരിവ് നടക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം, ഏഴു നിയമസഭാ മണ്ഡലത്തിൽ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം. സംഭവം വിവാദമായതോടെ എംപി രമ്യ തന്നെ പ്രതികരണവുമായി എത്തി.

പിരിവിൽ തെറ്റൊന്നുമില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഇപ്പോഴും യൂത്ത് കോൺഗ്രസ് അംഗമായ തനിക്ക് യൂത്ത് കോൺഗ്രസ് അത്തരത്തിലൊരു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു. കാർ വാങ്ങുന്നതിന് യൂത്ത് കോൺഗ്രസിനുള്ളിൽ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരിൽ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. യൂത്ത് കോൺഗ്രസിന് അതിന് കപ്പാസിറ്റി ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതിൽ അഭിമാനം മാത്രമാണുള്ളതെന്നും രമ്യ വ്യക്തമാക്കി.

ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്.  ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്‍റെ ചുമതല. എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താന്‍. യുവാക്കള്‍ ഒരുപാട് വിഷയങ്ങളില്‍ ആവലാതിയിലാണ്. കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‍സിക്ക് അടക്കം തയാറാകുമ്പോള്‍ അവിടെ ക്രമിനലുകള്‍ എത്തിപ്പെടുന്ന ആശങ്കയിലാണ് അവര്‍. ഈ സാഹചര്യത്തിലാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതെന്ന് രമ്യ പറഞ്ഞു. എംപിയെന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സുകളില്‍ നിന്നാണ് വാഹനത്തിന്‍റെ ഇന്ധനം അടക്കമുള്ള ചെലവുകള്‍ വഹിക്കാന്‍ സാധിക്കൂ.

ഒന്നുമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും യൂത്ത് കോൺഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവർ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും രമ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട്പോർ തന്നെ സഹായിച്ചിട്ടുണ്ടെന്നും രമ്യ.

അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണം രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി. കാർ വാങ്ങുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിഞ്ഞിരുന്നുവെന്നും രമ്യ പറയുന്നുണ്ട്. ഇതിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന ആക്ഷേപം രമ്യ നിരസിച്ചു.

Leave A Reply