കേന്ദ്രസർവ്വകലാശാല വൈസ് ചാൻസലർ എ.ബി.വി.പി പതാക ഉയർത്തി, വിവാദം

അഗര്‍ത്തല: എ.ബി.വി.പിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംഘടനയുടെ പതാക ഉയര്‍ത്തിയ ത്രിപുര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ വിവാദത്തില്‍. ജൂലായ് 10-ന്  കാമ്പസില്‍ നടന്ന പരിപാടിയിലാണ് വൈ.ചാന്‍സലര്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ എ.ബി.വി.പിയുടെ പതാക ഉയര്‍ത്തിയത്. എന്നാല്‍ എ.ബി.വി.പി സാമൂഹിക-സാംസ്‌കാരിക സംഘടനയാണെന്നും ഇതില്‍ യാതൊരു രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് വിജയകുമാര്‍ പ്രതികരിച്ചത്.

‘ഞാന്‍ പരിപാടിക്ക് ക്ഷണം ലഭിച്ചതിനാല്‍  പോയിരുന്നു. എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തു കൂടാ?  എ.ബി.വി.പി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലല്ലോ, അതൊരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ല’.

സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിജയകുമാര്‍ പറഞ്ഞു ഇന്ത്യയിലുള്ള നൂറോളം സംഘടനകളുമായി തനിക്ക് ബന്ധമുണ്ടെന്നും വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാക ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് കാള്‍ മാര്‍ക്സിന്റെയും മാവോ സെ തുങിന്റേയും തത്വങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്നും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും താന്‍ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ത്രിപുര കേന്ദ്രസർവകലാശാല വൈസ് ചാൻസലർ ആവുന്നതിന് മുമ്പ് ഒൗറംഗാബാദിലെ ‌ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത് വാഡ സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്നു ധാരുർക്കർ.

Leave A Reply