നെടുങ്കണ്ടം കസ്റ്റഡി മരണം: ജയില്‍ സൂപ്രണ്ടിനെ മാറ്റി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറിനെ സ്ഥലം മാറ്റി. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ജയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി ജയില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ മാര്‍ട്ടിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യുകയും താല്‍ക്കാലിക വാര്‍ഡര്‍ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.  നെടുങ്കണ്ടം സ്റ്റേഷനില്‍ ഉരുട്ടലിന് വിധേയനായ രാജ്കുമാറിനെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ജയിലില്‍ പ്രവേശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജ്കുമാറിന് വിദഗ്ധ ചികിത്സയും നിഷേധിച്ചെന്നു ചൂണ്ടികാട്ടിയാണ് പീരുമേട് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്കും താത്കാലിക വാര്‍ഡനുമെതിരായ നടപടി.

കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി എസ്.പിക്കെതിരെ എസ്.ഐ സാബു ആരോപണം ഉന്നയിച്ചിരുന്നു. തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്.ഐയുടെ വെളിപ്പെടുത്തല്‍. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് സാബു പറഞ്ഞത്. കട്ടപ്പന ഡി.വൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും സാബു പറഞ്ഞിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും സാബു പറഞ്ഞിരുന്നു.

 

Leave A Reply