തീവണ്ടികളില്‍ അനധികൃത കുപ്പിവെള്ളം വില്‍പന ; കടുത്ത നടപടിയുമായി റെയിൽവേ; 1371 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അംഗീകാരമില്ലാത്ത കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടിയുമായി റെയിൽവേ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിറ്റതിന് 1371 പേരെ അറസ്റ്റ് ചെയ്തു. അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ള വിൽപ്പന  റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വ്യാപകമായതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്ത് എത്തിയത്.

തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും അനധികൃത കുപ്പിവെള്ള വില്‍പ്പന നടത്തുന്നത് തടയാന്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ടീമിന്റെ ‘ഓപ്പറേഷന്‍ ദാഹം’ (ഓപ്പറേഷന്‍ തേസ്റ്റ്) എന്ന പേരില്‍ പരിശോധന ശക്തമാക്കിയത്. ദില്ലി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 69000 കുപ്പിവെള്ള ബോട്ടിലുകൾ പിടിച്ചെടുത്തു.

അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിറ്റ പാന്‍ട്രി കരാറുകാരും, വില്‍പ്പനക്കാരുമാണ്  കുടങ്ങിയത്.  ആറുലക്ഷം രൂപ ഇവരിൽ നിന്ന് പിഴയായി ഈടാക്കി. കഴിഞ്ഞ എട്ടു മുതലാണ് പരിശോധന കർശനമാക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശം നൽകിയത്. വിവിധ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ റെയില്‍ നീര്‍ ബ്രാന്‍ഡ് അല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഐ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ ഉത്പാദനം നടത്തുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് യഥാര്‍ഥ വില. എന്നാല്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പല വില്‍പ്പനക്കാരും 20 രൂപ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതായി നേരത്തെ തന്നെ നിരവധി പരാതികളുണ്ട്.

Leave A Reply