ത്രിപുരയില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും ബിജെപിക്ക് എതിരില്ല; വന്‍ ജയം

അഗര്‍ത്തല: നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം ജൂലൈ 11ന് കഴിഞ്ഞതോടെ ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 85% സീറ്റുകളിലും എതിരില്ലാതെ ബി.ജെ.പിക്ക് വിജയം. ബി.ജെ.പി ആയുധധാരികള്‍ ഭീഷണിപ്പെടുത്തി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിച്ചത് കൊണ്ടാണ് ബി.ജെ.പിയുടെ ഈ വിജയമെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ആരോപിച്ചു. ജൂലൈ 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 31ന് ഫലമറിയാം.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ജൂലൈ 11ന് മാത്രം 121 സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിച്ചതെന്ന് സി.പി.ഐ.എം പറഞ്ഞു. നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരയും ആക്രമണം അഴിച്ചു വിട്ടു. പ്രവര്‍ത്തകരെയും ആക്രമിച്ചു. ബലപ്രയോഗത്താല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പ്രതികരിച്ചു. സമാനമായ ആക്ഷേപം തന്നെ കോണ്‍ഗ്രസും ആരോപിച്ചു.

ബിജെപി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി. ഗുണ്ടകൾ തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മിക്ക സ്ഥലങ്ങളിലും പോലീസ് കാഴ്ചക്കാരായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.

ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിങ്ങനെയായി ആകെയുള്ള 6646 സീറ്റില്‍ 5652 സീറ്റുകളിലാണ് ബി.ജെ.പി എതിരില്ലാതെ വിജയിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി പ്രസന്‍ജിത്ത് ഭട്ടാചാര്യ പറഞ്ഞു. 850ഗ്രാമപഞ്ചായത്ത്, 85 പഞ്ചായത്ത് സമിതി, 80 ജില്ലാ പരിഷത്ത് സീറ്റുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കുക. ആകെ 591 ഗ്രാമപഞ്ചായത്തുകളിലായി 6111 സീറ്റുകള്‍, 35 ഗ്രാമപഞ്ചായത്ത് സമിതികളിലായി 419 സീറ്റുകള്‍, എട്ട് ജില്ലാ പരിഷത്തുകളിലായി 116 സീറ്റുകള്‍ ഇവയാണ് ആകെ സംസ്ഥാനത്തുള്ളത്.

തെരഞ്ഞെടുപ്പ് അതിക്രമങ്ങളെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പോരാടുമെന്നും ജനാധിപത്യത്തിനെതിരായ ഈ ആക്രമണം  ചെറുക്കുമെന്നും സിപിഎം പ്രസ്താവനയില്‍  പറയുന്നു.

 

Leave A Reply