വീട് നഷ്ടപ്പെട്ട ലീലയ്ക്കും കുടുംബത്തിനും കെയര്‍ ഹോമിലൂടെ സുരക്ഷിത ഭവനം

തിരുവനന്തപുരം: പ്രളയകാലം സമ്മാനിച്ച ദുരിതം മറന്നുതുടങ്ങുന്നതേയുള്ളൂ അരുവിക്കര പാതിരിയോട് സ്വദേശി ഡി. ലീലയും കുടുംബവും. ആഞ്ഞടിച്ച കാറ്റിലും മഴയിലും മരം കടപുഴകി വീടിനുമുകളില്‍ വീണത് ഞെട്ടലോടെയാണ് ഇന്നും ഈ കുടുംബം ഓര്‍ക്കുന്നത്. നടുവിന് അസുഖം ബാധിച്ച് ചികിത്സയിലിരിക്കുന്ന അറുപതുകാരിയായ ലീലയ്‌ക്കൊപ്പം ഹൃദ്രോഗിയായ മകള്‍ സുജയും കൂലിപ്പണിക്കാരനായ മരുമകന്‍ ജോസഫും ചെറുമകന്‍ റോജിയുമാണ് താമസിച്ചിരുന്നത്. മരംവീണ് മകളുടെ തലയ്ക്കും പരുക്കേറ്റിരുന്നു.

വീടുനഷ്ടപ്പെട്ട ലീലയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള പുതിയ ഭവനം സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 430 സക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും സ്വീകരണമുറിയും ശുചിമുറിയും ഉള്‍പ്പെട്ടതാണ് പുത്തന്‍ ഭവനം. അരുവിക്കര കാര്‍ഷിക സഹകരണ ബാങ്കാണ് ഭവനനിര്‍മാണത്തിനായി സഹായവുമായെത്തിയത്. പണമായും നിര്‍മാണ സാമഗ്രികളായും ബാങ്ക് സഹായം നല്‍കി. ബാങ്ക് പ്രസിഡന്റ് ആര്‍ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഒപ്പംകൂടി.

വീട് പ്രധാന റോഡില്‍ നിന്നും അരകിലോമീറ്ററോളം ഉള്ളിലായതിനാല്‍ നന്നേ പണിപ്പെട്ടാണ് നിര്‍മാണ സാമഗ്രികള്‍ ഇവിടേക്കെത്തിച്ചത്. മൂന്നുമാസമെടുത്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 6 ലക്ഷം രൂപയാണ് ആകെ നിര്‍മാണചെലവ്. ജൂണ്‍ 18ന് ദേവസ്വം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താക്കോല്‍ കൈമാറി. അന്നുതന്നെ ലീലയും കുടുംബവും താമസവും ആരംഭിച്ചു. അടച്ചുറപ്പുള്ള സ്വപ്‌നതുല്യമായ ഭവനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

Leave A Reply