രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: പാർട്ടി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. നിലവിലെ പരീക്ഷണ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത്യധികം ഊര്‍ജ്ജസ്വലനായ ഒരു നേതാവിനെയാണ് പാര്‍ട്ടിക്ക്‌ നേതൃസ്ഥാനത്ത് വേണ്ടത്. രാഹുല്‍ ഗാന്ധി കാണിച്ചു തന്ന പാതയിലൂടെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ചുനിന്ന്‌ പ്രവര്‍ത്തിക്കണമെന്നും സിന്ധ്യ പ്രതികരിച്ചു .

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യാഴാഴ്ച ഭോപ്പാലിലെത്തിയ സിന്ധ്യക്ക് വലിയ വരവേല്‍പ്പാണ് അണികള്‍ നല്‍കിയത്.

Leave A Reply