വിവാഹിതയായ കാമുകിയെ കാണാന്‍ താമസസ്ഥലത്ത് ഒളിഞ്ഞു കയറുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചു

മുംബൈ: വിവാഹിതയായ കാമുകിയെ കാണാന്‍ പാര്‍പ്പിട സമുച്ചയത്തില്‍ കയറുന്നതിനിടെ കാല്‍ വഴുതി താഴെ വീണ് 19കാരന്‍ മരിച്ചു. മുംബൈയില്‍ അഗ്രിപാഡ നായര്‍ ഹോസ്പിറ്റലിന് സമീപത്തുള്ള 15 നില കെട്ടിടത്തിലാണ് സംഭവം. രക്തം വാര്‍ന്ന് കിടക്കുന്ന യുവാവിനെ വെളുപ്പിന് രണ്ടര മണിയോടെ സുരക്ഷാ ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹിയില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു യുവാവ്. ഒന്‍പതാം നിലയിലെ താമസക്കാരിയും വിവാഹിതയുമായ 24കാരിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ഒരേ കെട്ടിടത്തില്‍ താമസിച്ചിരുന്നവരായിരുന്നു ഇരുവരും.
യുവതിയുടെ താമസസ്ഥലത്ത് നിന്ന് 19കാരന്‍ പുറത്തുവരുന്നത് യുവാവിന്റെ അമ്മാവന്‍ കണ്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അന്നേ ദിവസം തന്നെ ആരും കാണാതെ കെട്ടിടത്തിന് പുറകിലൂടെ പിടിച്ചു കയറി യുവതിയുടെ താമസ സ്ഥലത്തെത്തി. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ യുവാവ് തിരിച്ചിറങ്ങാന്‍ ശ്രമിക്കവെയാണ് കാല്‍ വഴുതി താഴേക്ക് വീണത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Leave A Reply