തുച്ഛമായ തുക വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് വർഷങ്ങളോളം അടിമപ്പണി; രക്ഷ‌യ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാൽക്കൽ വീണ് തൊഴിലാളി

ചെന്നൈ: തുച്ഛമായ തുക വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്‌നാട്ടിൽ വർഷങ്ങളോളം അടിമപ്പണി ചെയ്യിപ്പിച്ചതായി കണ്ടെത്തി. ഇത്തരത്തിൽ ദുരിതത്തിൽ കഴിഞ്ഞ 42 തൊഴിലാളികളെയാണ് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചത്.

ആയിരം രൂപ മാത്രം വായ്‌പ വാങ്ങി തിരിച്ച് നൽകാൻ കഴിയാതെ അഞ്ച് വർഷമായി പീഡനം അനുഭവിച്ച കാശി എന്ന 60കാരൻ തഹസിൽദാരുടെ കാൽക്കൽ വീണ് നന്ദിയറിയിക്കുന്ന ചിത്രം തമിഴ്‌നാട്ടിൽ നിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ചയാകുന്നു.

നടരാജ് എന്ന വ്യക്തിയിൽ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാൽ ഈ തുക തിരികെ നൽകാൻ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാൻ നടരാജ് ആവശ്യപ്പെട്ടു. അഞ്ച് വർഷമായി ഇവിടെ നിർബന്ധിത തൊഴിൽ അനുഷ്‌ഠിച്ചു വരികയായിരുന്ന കാശിക്ക് സർക്കാർ ഉദ്യോഗസ്ഥ സംഘം എത്തിയതോടെ മോചനമായി.

കാഞ്ചിപുരത്തെ മരംമുറിക്കുന്ന കേന്ദ്രത്തിൽ 28 പേരാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. വെല്ലൂരിൽ 14 പേരും ഉണ്ടായിരുന്നു. എല്ലാവരെയും സർക്കാർ ഉദ്യോഗസ്ഥ സംഘം രക്ഷിച്ചു. കാഞ്ചിപുരം സബ് കളക്ടർ എ ശരവണൻ, റാണിപതിലെ സബ് കളക്ടർ ഇളംബഹവത് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

മരംമുറി കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്ന ഓരോ തൊഴിലാളിയെയും ചോദ്യം ചെയ്തു. നടരാജ് എന്ന പേരായ ഒരാളുടെയും ഇയാളുടെ ബന്ധുക്കളുടെയും പക്കൽ നിന്ന് നിസാര തുകകൾ വായ്‌പയായി വാങ്ങിയ സാധാരണക്കാരാണ് ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടത്. പണം തിരിച്ച് നൽകാൻ സാധിക്കാത്തവരെ അഞ്ച് വർഷത്തേക്കാണ് ഇവിടെ അടിമപ്പണിക്ക് നിയോഗിച്ചത്.

ഇവർ 30,000 രൂപ വരെ തിരികെ നൽകാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി. എന്നാൽ തങ്ങൾക്ക് തടവറയ്ക്ക് സമാനമായ അനുഭവമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് തൊഴിലാളികളുടെ മൊഴി. സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും, ഗർഭിണിയെ ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ കാട്ടിനകത്ത് പ്രസവിക്കാൻ നിർബന്ധിച്ചുവെന്നും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തൊഴിലുടമയ്ക്ക് എതിരെ തൊഴിലാളികൾ ഉന്നയിച്ചത്. ജോലിക്ക് കൂലി നൽകാറില്ലെന്നും ആഹാരം നല്കിയിരുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.

തൊഴിലുടമയെയും തൊഴിലാളികളെയും റവന്യു ഓഫീസിലേക്ക് വിളിച്ചു വരുത്തി തൊഴിലാളികളുടെ കടം അടച്ചു തീർന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി വാങ്ങിച്ചശേഷം 42 പേരെയും സ്വതന്ത്രരാക്കി.

Leave A Reply