ആഗോള തലത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകൾക്ക് തിരിച്ചടി; ചെറിയ ഭീകര സംഘടനകള്‍ക്ക് സഹായവുമായി ഐഎസ്‌ഐ

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളെ തുടർന്ന് പാകിസ്താനിലെ പ്രധാനപ്പെട്ട ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലനിൽപ്പ് ഇല്ലാതായി. ഈ പ്രതിസന്ധി തരണം ചെയ്യാൻ പാകിസ്താനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐ നീക്കം നടത്തുന്നതായി റിപ്പോർട്ട്.

ഇന്ത്യയുടെ നീക്കങ്ങളെ തുടര്‍ന്ന് ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലമായി പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഭീകരവാദ സംഘടനകളെ സഹായിക്കാനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്. സിപാ ഇ സഹാബ, ജെയ്ഷ് ഉള്‍ അദില്‍, ലഷ്‌കര്‍ ഇ ഒമര്‍, അല്‍ ബാദര്‍, ലഷ്‌കര്‍ ഇ ജാങ്ഗ്വി, തെഹ്‌രീക് ഉള്‍ മുജാഹിദീന്‍, അല്‍ ഉമര്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബാലകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ മുഖം മിനുക്കല്‍ നടപടികളെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ കൂട്ടുകൂടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.

Leave A Reply