പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ട പല ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷ്യവര്‍ഗമാണ് പച്ചക്കറികള്‍. അതിനാല്‍ത്തന്നെ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ പരമാവധി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ നമ്മൾ ശ്രദ്ധിക്കാറുണ്ട്.

എന്നാല്‍ പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവയിലടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചോര്‍ന്നുപോകാന്‍ സാധ്യത കൂടുതലാണ്.

ഒന്ന്

പച്ചക്കറികള്‍ ഏതുമാകട്ടെ, അത് കഴുകിയതിന് ശേഷം മാത്രം കത്തിയുപയോഗിച്ച് അരിയുക. അരിഞ്ഞ പച്ചക്കറികള്‍ കഴുകുന്നത്, അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാക്കും.

അതുപോലെ, അരിഞ്ഞുകഴിഞ്ഞ പച്ചക്കറികള്‍ ഫ്രിഡ്ജിലോ പുറത്തോ ഒന്നും പിന്നീടത്തേക്ക് വേണ്ടി സൂക്ഷിച്ചുവയ്ക്കരുത്. കാരണം ഒരിക്കല്‍ അരിഞ്ഞുകഴിയുമ്പോള്‍ തന്നെ അവ, വായവുമായി സമ്പര്‍ക്കത്തിലായിക്കഴിഞ്ഞു. പിന്നീട് പാകം ചെയ്ത് കഴിച്ചാലും അതിന്റെ ഗുണങ്ങള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കും.

രണ്ട്

ഒരിക്കലും വളരെ ചെറിയ കഷ്ടണങ്ങളായി പച്ചക്കറികള്‍ അരിയരുത്. ഇതും പച്ചക്കറിയുടെ ഗുണങ്ങള്‍ ചോര്‍ന്നുപോകുന്നതിന് കാരണമാകും.

മൂന്ന്

പച്ചക്കറികള്‍ ഒരുപാട് നേരത്തേക്ക് അടുപ്പില്‍ വയ്ക്കരുത്. അതുപോലെ വലിയ തീയില്‍ പാകം ചെയ്യുകയും അരുത്. ഇവ രണ്ടും പച്ചക്കറിയുടെ ഗുണങ്ങളെ ഇല്ലാതാക്കാനേ ഉപകരിക്കൂ. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാന്‍ ശീലിക്കുക.

നാല്

പച്ചക്കറികള്‍ വേവിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം വെള്ളം ചേര്‍ക്കുക.  പച്ചക്കറിയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഈ വെള്ളത്തിലേക്ക് വലിയ രീതിയില്‍ കലര്‍ന്ന് നഷ്ടമായിപ്പോകും എന്നതിനാലാണ് ഇത്. മൂടിവച്ച് വേവിച്ചാല്‍ വെള്ളം കുറവ് ചേര്‍ത്താലും പച്ചക്കറികള്‍ കരിയാതെ കിടന്നോളും.

അഞ്ച്

ഒരിക്കല്‍ പാകം ചെയ്ത് വച്ച പച്ചക്കറികള്‍ എടുത്തുവച്ച്, പിന്നീട് ചൂടാക്കുന്നതും ഒട്ടും ആരോഗ്യകരമല്ല. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് മാത്രമില്ല, ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കാനും ഇത് മതിയാകും.

Leave A Reply