സോണിയാ ഗാന്ധിയുമായി രാജ് താക്കറേ കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. ഇരുനേതാക്കളും ഇ.വിഎമ്മുകള്‍ സംബന്ധിച്ച ചര്‍ച്ചക്കൊപ്പം മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ സന്ദര്‍ശിച്ച താക്കറെ, ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇ.വി.എമ്മുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകളിലൂടെ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്നും താക്കറെ പറഞ്ഞു.

‘തങ്ങള്‍ ചെയ്ത വോട്ട് സ്വന്തം സ്ഥാനാര്‍ത്ഥിക്കല്ല വീണതെന്ന് വോട്ടര്‍മാരുടെ മനസ്സില്‍ സംശയമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മാറുകയും അതിലൂടെ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് നടത്തുകയും വേണം.ഇ.വി എമ്മുകളെ തകര്‍ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ശക്തമായി കരുതുന്നു’ യോഗത്തിന് ശേഷം താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

220 ഓളം ലോക്‌സഭാ മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും താക്കറെ പറഞ്ഞു. ഇത് നമ്മുടെ മനസ്സില്‍ സംശയം ഉണ്ടാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്ന് ഈ ഡാറ്റ നീക്കം ചെയ്തപ്പോള്‍ ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയം കൂടുതല്‍ വര്‍ദ്ധിച്ചു, ”അദ്ദേഹം കത്തില്‍ പറഞ്ഞു.

ഇ.വി.എമ്മുകള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും എത്രത്തോളം സുരക്ഷിതമാണെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിനൊപ്പം ചേരാന്‍ എം എന്‍ എസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളിക്കളയുകയായിരുന്നു. എം എന്‍ എസ് ഇക്കുറി മത്സരരംഗത്തില്ലായിരുന്നെങ്കിലും മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമായിരുന്നു താക്കറേ നടത്തിയത്.

Leave A Reply