മരം വച്ച് പിടിപ്പിച്ചാലും പരിഹാരമാകില്ല; അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വളരെ കൂടുതൽ

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരുന്നതിന് തടയിടാന്‍ വ്യാപകമായി മരം വെച്ചുപിടിപ്പിക്കണമെന്ന പ്രചാരണവും വെറുതെയാകുന്നു. ഇനി മരങ്ങള്‍ നടുന്നതുകൊണ്ടു മാത്രം രക്ഷയില്ലെന്നാണ് മുന്നറിയിപ്പ്. അത്രമേല്‍ കൂടുതലാണ് മനുഷ്യര്‍ വഴിയുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലും അന്തരീക്ഷ മലിനീകരണവും.

ഭൂമിക്ക് ദോഷകരമായ ഹരിതഗൃഹവാതകങ്ങള്‍ പ്രതിവര്‍ഷം 3000- 4000 കോടി ടണ്‍ എന്ന നിരക്കിലാണ് മനുഷ്യര്‍ പുറന്തള്ളുന്നത്. അത് തുടര്‍ന്നാല്‍ വൈകാതെ മനുഷ്യര്‍ക്കോ മറ്റു ജീവജാലങ്ങള്‍ക്കോ ജീവിക്കാനാകാത്തവിധം കാലാവസ്ഥ തകിടം മറിയുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിനും അന്തരീക്ഷ ഊഷ്മാവിലെ വര്‍ധനക്കുമുള്ള പ്രധാന പ്രതിവിധികളിലൊന്നായാണ് മരം നടല്‍ കണ്ടിരുന്നത്.

മരങ്ങള്‍ക്ക് വളരുന്നതിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കേണ്ടതുണ്ട്. മാത്രമല്ല പ്രകാശ സംശ്ലേഷണത്തിന്റെ സമയത്ത് മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും ഓക്‌സിജന്‍ പുറന്തള്ളുകയും ചെയ്യും. സൂര്യനില്‍ നിന്നുള്ള പ്രകാശം ഉപയോഗിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കാര്‍ബോ ഹൈഡ്രേറ്റ് ആക്കി മാറ്റിയാണ് ചെടികള്‍ വളരാനുള്ള ഇന്ധനം ശേഖരിക്കുന്നത്. ഇത് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ നില പരിപാലിക്കുന്നതിന് സഹായകരവുമായിരുന്നു. എന്നാല്‍ മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടല്‍ അനിയന്ത്രിതമായി ഉയര്‍ന്നതോടെയാണ് മരം നട്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വര്‍ധന തടയാനാകില്ലെന്ന നില വന്നിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിനൊപ്പം വ്യാപകമായ വനനശീകരണവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വര്‍ധനവിന് സഹായമായി. പാരിസ് ഉടമ്പടി അനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കണമെങ്കില്‍ തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ മതിയാകില്ലെന്നാണ് കണ്ടെത്തല്‍. നിലവില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാന്‍ ആവശ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ നിലവില്‍ ഭൂമിയില്‍ സ്ഥലം തികയില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മരം ഒരു പരിഹാരമല്ലെന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മുന്നറിയിപ്പ്.

Leave A Reply