എം.സി. റോഡില്‍ വയയ്ക്കല്‍ ഭാഗത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

കല്ലമ്പലം: ആയൂര്‍ എം.സി. റോഡില്‍ വയയ്ക്കല്‍ ഭാഗത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ആര്‍.ടി.സി. കിളിമാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പുതുശ്ശേരിമുക്ക് പുളിയറക്കോണം കോളനിയില്‍ നെല്ലിക്കുന്നുവിളവീട്ടില്‍ പ്രകാശ് (50) ആണ് മരിച്ചത്.

ജൂണ്‍ 15-ന് ഉച്ചയ്ക്ക് രണ്ടരയോടെ കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍വന്ന കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായ ഉടന്‍തന്നെ പ്രകാശ്, ബസിന്റെ ഹൈഡ്രോളിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഡോറുകള്‍ തുറന്ന് കൊടുത്തു. അതിനാൽ ബസിലുണ്ടായിരുന്ന 22 യാത്രക്കാരും പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടു.യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും സീറ്റില്‍ കുരുങ്ങിപ്പോയതിനാല്‍ പ്രകാശിനു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇദ്ദേഹം തീഗോളത്തില്‍ പെട്ടുപോകുകയായിരുന്നു.കണ്ടക്ടര്‍ നജീമിന്റെ കഴുത്തിനു പിന്‍ഭാഗത്തും പൊള്ളലേറ്റു.നാല്‍പ്പതുശതമാനം പൊള്ളലേറ്റ പ്രകാശിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതെ തുടർന്ന് ബുധനാഴ്ച വൈകീട്ട് മരിച്ചു. സിന്ധുവാണ് പ്രകാശിന്റെ ഭാര്യ. അഖില, അഖില്‍ എന്നിവര്‍ മക്കളാണ്.

Leave A Reply