സി ഒ ടി നസീർ വധശ്രമക്കേസ്; മുഖ്യ സൂത്രധാരന് മറ്റൊരു വധശ്രമകേസിൽ പത്ത് വർഷം തടവ്

കണ്ണൂർ: സി ഒ ടി നസീർ വധശ്രമക്കേസിൽ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പൊട്ടിയൻ സന്തോഷിനെ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് വർഷം തടവിന് ശിക്ഷിച്ചു. സന്തോഷടക്കമുള്ള  ആറ് സി പി എം പ്രവർത്തകരെയാണ്  തലശ്ശേരി കോടതി ശിക്ഷിച്ചത്. സിഒടി കേസിൽ ഒളിവിലായിരുന്ന സന്തോഷ് തലശ്ശേരിയിലെത്തിയെന്ന് വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല.

2008 മാർച്ച് അഞ്ചിനാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ വെച്ച് ബിജെപി നേതാവായിരുന്ന സുമേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഈ കേസിലെ ഒന്നാം പ്രതിയാണ് പൊട്ടിയൻ സന്തോഷ്. സിഒടി നസീർ കേസിൽ ഒളിവിലായിരുന്ന സന്തോഷ് ഉച്ചയോടെ സിപിഎം പ്രവർത്തകർക്കൊപ്പം കോടതി പരിസരത്ത് എത്തി. കേസ് അന്വേഷിക്കുന്ന തലശ്ശേരി എസ്ഐ എത്തിയെങ്കിലും കോടതി മുറിക്കകത്തേക്ക് കയറിയ സന്തോഷിന് അറസ്റ്റ് ചെയ്യാനായില്ല. നസീറിനെ ആക്രമിക്കാൻ ഏർപ്പാടാക്കിയത് സന്തോഷാണെന്നാണ് അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴി. സന്തോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

Leave A Reply