അലിഗഢ് (യു.പി): നാല് ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്ന പരാതിയില്‍ 55കാരിയെ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു സ്ത്രീയുടെ ആക്രമണം. കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മുന്നി ദേവി എന്ന സ്ത്രീയാണ് അറസ്റ്റിലായത്.

അവരുടെ പേരക്കുട്ടിയെ ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് ഉപദ്രവിച്ചതെന്ന് കരുതുന്നു. നാല് ആണ്‍കുട്ടികള്‍ക്കൊപ്പം മുന്നി ദേവിയുടെ പേരക്കുട്ടി കഴിഞ്ഞ ദിവസം വീടിനടുത്തു നിന്ന് കളിച്ചിരുന്നു. ഇതുകണ്ട അവര്‍ ആണ്‍കുട്ടികളെ വീടിനുള്ളിലേക്ക് വിളിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറി. ആണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ കാര്യം അന്വേഷിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്തിനാണ് സ്ത്രീ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

Leave a comment