12 വയസുകാരിയെ നായ ആക്രമിച്ചു; ഉടമസ്ഥനും മകനും ആറുമാസത്തെ ജയിൽ ശിക്ഷ

നവൻഷഹർ(പഞ്ചാബ്) : 12 വയസുകാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് നായയുടെ ഉടമസ്ഥർക്ക് ആറുമാസം തടവുശിക്ഷ. പഞ്ചാബിലെ നവൻഷഹറിൽ കഴിഞ്ഞ വർഷം ഉണ്ടായ ആക്രമണ സംഭവത്തിനാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. നായയുടെ ഉടമസ്ഥരായ ദൗലത് സിംഗ് മകൻ സാവൻ പ്രീത് എന്നിവർക്കാണ് പഞ്ചാബ് കോടതി ആറുമാസത്തെ ജയിൽ ശിക്ഷ വിധിച്ചത്.

പിറ്റ്ബുൾ പോലെയുള്ള അപകടകാരിയായ നായയെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ തെരുവിലേക്ക് ഇറക്കിയത് വലിയ കുറ്റമാണെന്നാണ് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് അറിയിച്ചത്. ഇത്തരം സംഭവങ്ങളിൽ നായയുടെ ഉടമസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ വകുപ്പുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു  സംഭവം. അമ്പലത്തിൽ നിന്ന് മടങ്ങി വരികയായിരുന്നു പന്ത്രണ്ട് വയസുകാരിയെ  ഇവരുടെ പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. പന്ത്രണ്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു. പിന്നാലെയാണ് ഇവർ പരാതി നൽകിയത്.

Leave A Reply